Wednesday, March 16, 2011

10:30 PM


കുറപ്പും വെളുപ്പും കലര്‍ന്ന, തപാല്‍ സ്റ്റാമ്പിന്റെ വലിപ്പം മാത്രമുള്ള ഒരു ചതുരം. ക്യു.ആര്‍. കോഡിനെ ഒറ്റവാചകത്തില്‍ ഇങ്ങനെ വിവരിക്കാം. എന്നാല്‍ ഒരായിരം വാചകങ്ങളിലൊതുക്കാവുന്നതല്ല ക്യു.ആര്‍. കോഡ് നമ്മുടെ ജീവിതങ്ങളില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങള്‍. 
 
 
ഒരു വര്‍ഷത്തിനുള്ളില്‍ നമ്മള്‍ കണ്ണോടിക്കുന്നിടത്തെല്ലാം നിറയാന്‍ പോകുകയാണ് ഈ അദ്ഭുതചതുരം. പത്രങ്ങളിലും മാസികകളിലും ചുമരുകളിലും പരസ്യങ്ങളിലും ഇനി നമുക്കിവനെ പ്രതീക്ഷിക്കാം. പ്രശസ്തനാകാന്‍ പോകുന്ന ക്യു.ആര്‍. കോഡിന്റെ വിശേഷങ്ങളാണ് ഇവിടെ.

ക്വിക് റെസ്‌പോണ്‍സ്

കറുത്ത വരകളുള്ള സാധാരണ ബാര്‍ കോഡുകള്‍ ഏവര്‍ക്കും പരിചിതമാണ്. എന്നാല്‍, പ്രത്യേക രീതിയിലുള്ള ദ്വിമാന മാട്രിക്‌സ് ബാര്‍കോഡുകളാണ് 'ക്വിക് റെസ്‌പോണ്‍സ് കോഡുകള്‍' അഥവാ ക്യു.ആര്‍. കോഡുകള്‍. പരമ്പരാഗത ബാര്‍കോഡുകളേക്കാള്‍ നൂറുമടങ്ങ് വിവരങ്ങള്‍ സൂക്ഷിക്കാന്‍ ക്യു.ആര്‍. കോഡുകള്‍ക്കാകും. ക്യു.ആര്‍. റീഡര്‍ എന്ന അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഫോണുകളില്‍ ഇതിന്റെ ചിത്രമെടുത്താല്‍ ഉടന്‍ തന്നെ അതിലുള്ള ഡാറ്റ നമ്മുടെ ഫോണിലേക്ക് വരും. അതു ചിലപ്പോള്‍ ഒരു വെബ്‌സൈറ്റിലേക്കുള്ള ലിങ്കോ, വീഡിയോയോ ആകാം.


മലയാളപത്രങ്ങളില്‍ കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഒരു കാറിന്റെ പരസ്യത്തില്‍ ക്യു.ആര്‍. കോഡ് കൂടി ഉള്‍പ്പെടുത്തിയിരുന്നു. ക്യു.ആര്‍. കോഡ് റീഡറുള്ള മൊബൈല്‍ ഫോണില്‍ അതിന്റെ ചിത്രമെടുക്കുമ്പോള്‍ ഉടന്‍ തന്നെ ആ കാറിന്റെ വെബ്‌സൈറ്റ് വിലാസമാണ് ഫോണില്‍ ലഭിക്കുക. ആ വെബ്ബ്‌സൈറ്റിലേക്ക് ഫോണിലൂടെ അസായാസം പോകാം. പത്രപരസ്യത്തില്‍ കാണാന്‍ സാധിക്കാത്ത കാറിന്റെ വീഡിയോകളിലേക്കും വ്യത്യസ്തമോഡലുകളുടെ ചിത്രങ്ങളിലേക്കുമെല്ലാം അങ്ങനെ വായനക്കാര്‍ക്ക് ക്യു.ആര്‍. കോഡിന്റെ സഹായത്തോടെ എളുപ്പത്തില്‍ എത്താം.

പരമ്പരാഗത അച്ചടി മാധ്യമത്തെയും പുതിയ ഓണ്‍ലൈന്‍ മാധ്യമത്തെയും ബന്ധിപ്പിക്കുന്ന പാലമാകാന്‍ ഈ ചതുരത്തിന് കഴിയുന്നുവെന്ന് സാരം. ഇത് ക്യു.ആര്‍. കോഡിന്റെ ഒരു സാധ്യത മാത്രം. ഇത്തരം നൂറായിരം സാധ്യതകളാണ് ക്യു.ആര്‍. കോഡ് തുറന്നുതരുന്നത്.

പത്രമാസികകളില്‍ വരുന്ന ലേഖനങ്ങളുടെ വെബ്‌സൈറ്റ് ലിങ്കുകള്‍ അതിനൊപ്പം നല്‍കിയിട്ടുണ്ടാകും. എന്നാല്‍ ലിങ് പലപ്പോഴും നീളമേറിയതിനാല്‍ മൊബൈല്‍ഫോണില്‍ അത് തെറ്റുകൂടാതെ ടൈപ്പ് ചെയ്യുക ശ്രമകരമകും. അതിനുപകരം ക്യു.ആര്‍. കോഡാണ് നല്‍കുന്നതെങ്കില്‍ ആവശ്യക്കാര്‍ക്ക് മൊബൈലില്‍ ഫോട്ടോെയടുത്താല്‍ ആ ലിങ്കിലേക്ക് ഉടന്‍ പ്രവേശിക്കാനാകും. മലയാളത്തില്‍ ആദ്യമായി മാതൃഭൂമി ഡോട്ട് കോമിന്റെ ടെക്‌നോളജി പേജില്‍ ഈ സൗകര്യം നടപ്പിലാക്കിക്കഴിഞ്ഞു. www.mb4tech.com ല്‍ വരുന്ന ലേഖനങ്ങള്‍ക്കൊപ്പം ഇപ്പോള്‍ ക്യു.ആര്‍. കോഡ് കൂടി നല്‍കിവരുന്നുണ്ട് (ഈ പേജിന്റെ വലതുവശത്തെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചതുരം ശ്രദ്ധിക്കുക. അത് ഈ ലേഖനത്തിലേക്കുള്ള ലിങ്കാണ്. മൊബൈല്‍ വഴി മേല്‍വിവരിച്ചത് പോലെ ചെയ്താല്‍ മതി). ഇന്ത്യയില്‍ മിഡ്‌ഡേ, പി.സി. ക്വെസ്റ്റ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളാണ് നിലവില്‍ ക്യു.ആര്‍. കോഡ് ഉപയോഗിക്കുന്നത്.


ന്യൂയോര്‍ക്ക്, ടോക്യോ പോലുള്ള മഹാനഗരങ്ങളിലെ തെരുവു പരസ്യപലകകളില്‍ ഇപ്പോള്‍ ക്യു.ആര്‍. കോഡുകള്‍ വ്യാപകമായി കണ്ടുവരുന്നുണ്ട്. വലിയൊരു ഹോര്‍ഡിങില്‍ ചിലപ്പോള്‍ ആകെയുണ്ടാകുക ഒരു ക്യു.ആര്‍. കോഡ് മാത്രമാകും. എന്താണ് അതെന്നറിയാന്‍ മൊബൈലില്‍ ഫോട്ടോയെടുത്താല്‍ മതി! വിദേശരാജ്യങ്ങളിലെ ലൈബ്രറികളിലും ഹോട്ടലുകളിലും ക്രൈസ്തവദേവാലയങ്ങളില്‍ പോലും ക്യു.ആര്‍. കോഡുകള്‍ ഉപയോഗിച്ചു തുടങ്ങിക്കഴിഞ്ഞു. ഒക്‌ലഹോമയിലെ എഡ്മണ്ട് ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചാണ് ആദ്യമായി ക്യു.ആര്‍. കോഡ് ഉപയോഗിച്ച ദേവാലയമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയത്.

നമ്മുടെ അഡ്രസും ഫോണ്‍നമ്പറുകളും ഈമെയില്‍ വിലാസവുമെല്ലാം അടങ്ങിയ ക്യു.ആര്‍. കോഡുകള്‍ വിസിറ്റിങ് കാര്‍ഡുകളില്‍ ഉള്‍പ്പെടുത്തുന്നവരുമുണ്ട്. ഫോണില്‍ ഒരു ഫോട്ടോയെടുത്താല്‍ കാര്‍ഡിലെ മുഴുവന്‍ വിവരങ്ങളും ഒറ്റയടിക്ക് മൊബൈലിലെത്തും.

ഉത്ഭവം ജപ്പാനില്‍

കണ്ടുപിടുത്തങ്ങളുടെ ആശാന്‍മാരായ ജപ്പാന്‍കാര്‍ തന്നെയാണ് ക്യു.ആര്‍. കോഡുകളുടെയും സൃഷ്ടാക്കള്‍. 1994-ല്‍ ടൊയോട്ടയുടെ അനുബന്ധ സ്ഥാപനമായ ഡെന്‍സോ-വേവിലാണ് ഈ സംവിധാനം ആദ്യമായി നിലവില്‍ വന്നത്. വാഹനനിര്‍മാണത്തിനാവശ്യമായ സ്‌പെയര്‍പാര്‍ട്‌സുകളുടെ സുഗമമായ നീക്കം ഉറപ്പുവരുത്തുന്നതിനായിട്ടായിരുന്നു ആദ്യം ഉപയോഗിച്ചിരുന്നത്.


സ്മാര്‍ട്‌ഫോണുകളുടെ വരവോടെ ഈ സാങ്കേതികവിദ്യക്ക് പുതിയ മാനങ്ങള്‍ കൈവന്നു. എല്ലാവിധ ലൈസന്‍സുകളില്‍ നിന്നും സ്വതന്ത്ര്യമാണ് ക്യു.ആര്‍. കോഡ്. ഇതിന്റെ അവകാശങ്ങള്‍ ഡെന്‍സോ-വേവ് കമ്പനിക്കാണെങ്കിലും ഇത് സ്വതന്ത്രമായ ഉപയോഗത്തിന് നല്‍കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.

നിര്‍മാണം വളരെയെളുപ്പം

http://qrcode.kaywa.com, www.qrstuff.com, goqr.me തുടങ്ങി ഒട്ടേറെ സൈറ്റുകള്‍ നമുക്കാവശ്യമായ ക്യു.ആര്‍. കോഡുകള്‍ നിര്‍മിച്ചുനല്‍കുന്നുണ്ട്. കോഡില്‍ ഉള്‍ക്കൊള്ളിക്കേണ്ട വിവരങ്ങള്‍ ടൈപ്പ്‌ചെയ്താല്‍ സെക്കന്‍ഡുകള്‍ക്കുളളില്‍ കോഡ് തയ്യാറാകും. ആ കോഡ് നമുക്കെവിടെവേണമെങ്കിലും അച്ചടിക്കാം.

ആന്‍ഡ്രോയ്ഡ്, ബ്ലാക്ക്‌ബെറി, ഐഫോണ്‍ അപ്ലിക്കേഷന്‍ സ്‌റ്റോറുകളില്‍ നിലവില്‍ നൂറുകണക്കിന് ക്യു.ആര്‍. േകാഡ് റീഡറുകള്‍ ലഭ്യമാണ്. അവയിലേതെങ്കിലുമൊന്ന് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ക്യു.ആര്‍.കോഡുകള്‍ വായിക്കാനാകും. i-nigma, Kaywa, QuickMark, BeeTag, ScanLife എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് ക്യു.ആര്‍. കോഡ് റീഡറുകള്‍ ഡൗണ്‍ലോഡ് ചെയ്തും ഫോണില്‍ ഉപയോഗിക്കാം.

സ്മാര്‍ട്ട്‌ഫോണുകള്‍ സാര്‍വത്രികമാകുന്നതോടെ ക്യു.ആര്‍. കോഡുകള്‍ നമ്മുടെ നാട്ടിലും വ്യാപകമാകുമെന്നതില്‍ സംശയം വേണ്ട. ആദ്യം പരസ്യമേഖലയിലും മാധ്യമരംഗത്തുമാകും ക്യു.ആര്‍. സാന്നിധ്യമറിയിക്കുക. പിന്നീട് ജീവിതത്തിന്റെ സമസ്തമേഖലകളിലും ഇവ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പിക്കാം.

  കടപ്പാട്  -പി.എസ്.രാകേഷ്‌ മാതൃഭൂമി 
======================================================================

0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...