Saturday, February 5, 2011

10:10 PM
1

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് സ്വന്തംനാട്ടില്‍ വോട്ട്‌ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ട് നിയമമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. 1.1 കോടി വരുന്ന പ്രവാസികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഇതുവഴി പൂവണിയുന്നത്. ഈ മാസം പതിനഞ്ചോടെ വിജ്ഞാപനം നടപ്പാക്കണമെന്ന് നിയമമന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.

പ്രവാസികള്‍ക്ക് അവരുടെ നാട്ടിലെ മണ്ഡലങ്ങളില്‍ വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യാമെന്നും വോട്ടെടുപ്പ് ദിവസം പാസ്‌പോര്‍ട്ടുമായി വോട്ട് ചെയ്യാന്‍ ഹാജരാകാമെന്നും വിജ്ഞാപനം വ്യക്തമാക്കുന്നു. പോസ്റ്റല്‍ വോട്ട് ഉണ്ടായിരിക്കില്ല.

വിദേശപൗരത്വം സ്വീകരിക്കാതെ വിദേശത്ത് കഴിയുന്ന ഇന്ത്യന്‍ പൗരനാണ് ഇപ്രകാരം വോട്ട് ചെയ്യാന്‍ കഴിയുക. ജനവരി ഒന്നിന് 18 വയസ്സ് തികഞ്ഞവര്‍ക്ക് പാസ്‌പോര്‍ട്ടില്‍ സ്വന്തം നാടായി രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലത്തെ മണ്ഡലത്തില്‍ വാട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം- തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ വിജ്ഞാപനം വ്യക്തമാക്കുന്നു.

ഇപ്പോഴത്തെ നിയമമനുസരിച്ച് സ്വന്തം നാട്ടില്‍ തുടര്‍ച്ചയായി ആറ് മാസം താമസിക്കാത്ത പ്രവാസിയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യും. എന്നാല്‍, പുതിയ വിജ്ഞാപനമനുസരിച്ച്, വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനായി നാട്ടിലെ താമസസ്ഥലമുള്‍പ്പെട്ട മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കാം. അതിന് സാധിച്ചില്ലെങ്കില്‍ തപാല്‍വഴി അപേക്ഷ അയയ്ക്കാം.

വോട്ടര്‍ പട്ടികയില്‍ ഒരിക്കല്‍ പേര് ചേര്‍ത്തയാള്‍ക്ക്, ജനപ്രാതിനിധ്യ നിയമപ്രകാരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും അവകാശമുണ്ട്.

പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുമെന്ന് കഴിഞ്ഞവര്‍ഷത്തെ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉറപ്പ് നല്‍കിയിരുന്നു. പ്രവാസികളുടെ ദീര്‍ഘ നാളായുള്ള ആവശ്യവുമായിരുന്നു ഇത്. ഈ വിജ്ഞാപനത്തോടെ പ്രധാനമന്ത്രിയുടെ വാഗ്ദാനവും പ്രവാസികളുടെ ആവശ്യവും നിറവേറ്റപ്പെടുകയാണ്.

ജന്മനാട്ടിലെ വോട്ടവകാശമെന്നത് പ്രവാസികളുടെ മൗലികാവകാശമാണെന്ന് ജനപ്രാതിനിധ്യ നിയമം വ്യക്തമാക്കുന്നു. ജന്മനാട്ടിലെ ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളാകാന്‍ ഇത് അവരെ സഹായിക്കുമെന്നും രാഷ്ട്ര നിര്‍മാണപ്രക്രിയയ്ക്ക് അത് കരുത്തുപകരുകയും ചെയ്യുമെന്ന് നിയമം വിലയിരുത്തുന്നു.

1 comments:

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...