അഡോബി റീഡറിലെ ഗുരുതരമായ പിഴവ് കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നു. കുബുദ്ധികല്‍ക്ക് നിങ്ങളറിയാതെ നിങ്ങളുടെ കമ്പ്യൂട്ടര്‍ വരുതിയിലാക്കാന്‍ ആ പിഴവ് കാരണമായേക്കാമെന്നാണ് മുന്നറിയിപ്പ്.
സര്‍വവ്യാപിയായ ഒരു സോഫ്ട്‌വേറാണ് അഡോബിയുടെ റീഡര്‍. മിക്ക കമ്പ്യൂട്ടര്‍ പ്ലാറ്റ്‌ഫോമുകളിലും റീഡറുണ്ട്. അതിനാല്‍, പുതിയതായി കണ്ടെത്തിയ പിഴവ് മുതലെടുക്കാന്‍ കഴിയുന്നവര്‍ക്ക് വിന്‍ഡോസ് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകള്‍ മാത്രമല്ല, മാക് ഒഎസ് എക്‌സ്, യുനിക്‌സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ കമ്പ്യൂട്ടറുകളെയും കെണിയില്‍പ്പെടുത്താനാകും.
അഡോബി റീഡര്‍ എക്‌സ് (10.1.1) പതിപ്പിലും റീഡറിന്റെ മുന്‍പതിപ്പുകളിലും 'ഗുരുതരമായ പിഴവ്' കടന്നുകൂടിയിട്ടുള്ളതായി അഡോബി തന്നെയാണ് വെളിപ്പെടുത്തിയത്. റീഡറിന്റെ പല വേര്‍ഷനുകളിലും ഈ പിഴവ് ഉണ്ടെങ്കിലും, വിന്‍ഡോസ് കമ്പ്യൂട്ടറുകളിലെ അഡോബി റീഡര്‍ 9. x വഴി മാത്രമേ ഇതുവരെ ആക്രമണം നടന്നിട്ടുള്ളുവെന്ന് അഡോബി അറിയിച്ചു.
സോഫ്ട്‌വേറിലെ പിഴവ് തിരുത്താനുള്ള ശ്രമം ഊര്‍ജിതമാണെന്നും, വിന്‍ഡോസിനായുള്ള അഡോബി റീഡറിന്റെയും അക്രോബാറ്റ് 9.x ന്റെയും അപ്‌ഡേറ്റ് 2011 ഡിസംബര്‍ 12 നകം പുറത്തിറക്കുമെന്നും കമ്പനി വ്യക്തമാക്കി. യുനിക്‌സ് വേര്‍ഷന്റെ അപ്‌ഡേറ്റ് 2012 ജനവരി 12 ന് മുമ്പും രംഗത്തെത്തിക്കും.
ലോക്ക്ഹീഡ് മാര്‍ട്ടിനിലെയും, ഓണ്‍ലൈന്‍ സുരക്ഷാകൂട്ടായ്മയായ ഡിഫന്‍സ് സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ എക്‌സ്‌ചേഞ്ചിലെയും ചിലരാണ് അഡോബി റീഡറിലെ പഴുത് കണ്ടെത്തി അതെപ്പറ്റി അഡോബിക്ക് മുന്നറിയിപ്പ് നല്‍കിയത്.
പിഡിഎഫ് റീഡറുകള്‍ പൊതുവെ നേരിടുന്ന ഭീഷണിയിലേക്ക് വെളിച്ചം വീശുന്നതാണ് അഡോബി റീഡറിലെ കെണിയെന്ന് വിലയിരുത്തപ്പെടുന്നു. ലളിതവും എളുപ്പം ഉപയോഗിക്കാവുന്നതുമായ സോഫ്ട്‌വേറുകളാണ് പിഡിഎഫുകള്‍. അതുകൊണ്ടു തന്നെ ബഹുഭൂരിപക്ഷം കമ്പ്യൂട്ടര്‍ ഉപയോക്താക്കളും പിഡിഎഫ് സോഫ്ട്‌വേറുകള്‍ ഉപയോഗിക്കുന്നു.
വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനാല്‍, കുബുദ്ധികളായ കമ്പ്യൂട്ടര്‍ദ്രോഹികള്‍ക്ക് ദുഷ്ടപ്രോഗ്രാമുകള്‍ കുടിയിരുത്താന്‍ പറ്റിയ വേദിയാകുന്നു പിഡിഎഫുകള്‍. മിക്ക പ്ലാറ്റ്‌ഫോമുകളിലും പിഡിഎഫ് റീഡറുകളുള്ളതിനാല്‍, വ്യാപകമായ കമ്പ്യൂട്ടര്‍ ആക്രമണങ്ങള്‍ക്ക് അവ തുണയാവുകയും ചെയ്യുന്നു.
0 comments:
Post a Comment
എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..