Saturday, September 28, 2013

1:40 AM
1


പത്തുകണ്ടം, എന്റെ വീടിനോട് ചേർന്ന് ഉള്ള വലിയ വയലാണ് പത്തുകണ്ടം എന്നറിയപ്പെടുന്നത്, നാട്ടിലെ വമ്പൻ ഫുട്ബോൾ ഗ്രൗണ്ട് കൂടിയാണ് പത്തുകണ്ടം.
മഴയെല്ലാം അവസാനിച്ചാൽ വെള്ളമെല്ലാം വറ്റിയാൽ പിന്നെ തുടങ്ങികയായി ഫുട്ബോൾ മാമാങ്കം.
ആദ്യമായി ഒരു ട്രാക്ടർ സംഘടിപ്പിച്ചു വയലെല്ലാം പൂട്ടി ഫുട്ബോൾ കളിക്കാനുള്ള ഗ്രൗണ്ട് തെയ്യാറാക്കും, പിന്നെയുള്ള രണ്ടു ദിവസം കളകളെല്ലാം പെറുക്കി ഒഴിവാക്കി കളിക്കാൻ ഗ്രൗണ്ട് യോഗ്യമാക്കലാണ്.

അങ്ങനെ കളി തുടങ്ങും, കളി തുടങ്ങിയാൽ അടിയും തുടങ്ങും, വാശിയേറിയ മത്സരം, അതിനിടയിൽ വള്ളി വെച്ച് വീഴ്തലും, ആളെ തട്ടി മാറ്റി ഗോൾ അടിക്കലും, പിന്നെ കാണാം പൊരിഞ്ഞ അടി, അതിനു മറ്റുള്ളവർ ചായ്ക്കാരം പിടിച്ചു മാറ്റി വീണ്ടും കളി തുടങ്ങും, ഗോൾ എങ്ങാനും അടിച്ചാൽ എതിർ ടീമിന് പിന്നെ ഇരിക്കപ്പൊരുതി ഉണ്ടാകില്ല, കൂക്കി വിളിച്ചും മണ്ണെടുത്ത്‌ മുകളിലേക്ക് എറിഞ്ഞും ആകെ ഒരു ബഹളമയം. കളി ഇത്രേം വല്ല്യ വാശിയായതിനാൽ തല്ലിപ്പൊളി ആപ്പ ഊപ്പമാരെ ഒന്നും കളിയ്ക്കാൻ ടീമിൽ ഉള്പ്പെടുതില്ല, അത് കൊണ്ട് തന്നെ ടീമിൽ എനിക്കൊന്നും ഇടമില്ല, പുലികൾ മാത്രം കളിക്കുന്ന കളി, ഞാനൊക്കെ ഏതെങ്കിലും മൂലയിൽ ചടഞ്ഞു കൂടും അല്ലെങ്കിൽ നമ്മുടെ പ്രിയ തട്ടകമായ ക്രിക്ക് കളിയിൽ ഏർപ്പെടും.

സിറാജ് ആണ് നാട്ടിലെ ആസ്ഥാന ഗോളി, അവനെ ആദ്യം തന്നെ ആരെങ്കിലും ലേലം വിളിക്കും, ബല്യ തുകക്കാണ് അവൻ ലേലത്തിൽ പോകുക, മറ്റുള്ളവർ അവനെ അസൂയയോടെ നോക്കും, ഈ ഞാനടക്കം, ആയ കാലത്ത് ഒരു ഗോളി ആയാൽ മതിയായിരുന്നു എന്ന് തോന്നിപ്പോകുന്ന നിമിഷം, കാലത്തെ കുറ്റം പറഞ്ഞു മനസ്സിനെ അടക്കി നിർത്തും.

അങ്ങനെ പിന്നെ കളിയോട് കളി, വൈകുന്നേരമായാൽ പൊടിപറത്തി കളിയായി.
ഒരു ദിവസം അലി വന്നത് പെരുന്തല്ലൂരിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നുണ്ട്, നമുക്കും പേര് കൊടുത്താലോ ? പിന്നെ കളിയെല്ലാം നിർത്തിവെച്ചു ചർച്ചയായി, അവസാനം തീരുമാനമെടുത്തു, നമ്മുടെ ടീമും ടൂർണമെന്റിൽ പങ്കെടുക്കുന്നു.
കെ എഫ് സി കാവഞ്ചേരി എന്ന് പേര് കൊടുത്തു, പിന്നീടുള്ള ദിവസങ്ങൾ പൊരിഞ്ഞ കളിയായിരുന്നു, പ്രാക്ടീസ് പ്രാക്ടീസ്, ടീമിൽ ഇടം നേടാൻ എല്ലാവരും കഠിന പ്രയത്നം നടത്തുകയാണ്, നല്ലവണ്ണം കളിക്കുന്ന 9 പേരെ തെരഞ്ഞെടുക്കാം. അതായിരുന്നു ടീം മാനേജ്മെന്റിന്റെ തീരുമാനം.

അവിടെയും സിറാജ് ഗോളി വൻതുകക്ക് ലേലം വിളിച്ചു പോയി. അസൂയ കണ്ണുകൾ സിറാജിനെ വലിഞ്ഞു മുറുക്കി.
അങ്ങനെ ടീം ഒക്കെ ആയി, സിറാജിനു പ്രാക്ടീസ് കൊടുത്തു കൊടുത്തു അവൻ പുലിയായി, പോസ്റ്റിന്റെ ഇടതു ഭാഗത്ത് നിന്നും വലതു ഭാഗത്തേക്ക്‌ ഒക്കെ അവൻ ഡൈവ് ചെയ്തു ബോൾ കീപ്പ് ചെയ്യാൻ മിടുക്കനായി. അവൻറെ പ്രാക്ടീസ് സമയത്തെ പെർഫോർമൻസ് ഗംഭീരമായിരുന്നു. എല്ലാവർക്കും ഒരു വിശ്വാസമായി, നമ്മുടെ കളിയിൽ ഇത്തിരി പിശക് വന്നാലും ഗോളി എന്ന നിലയിൽ സിറാജു പോസ്റ്റിൽ ഗോൾ വീഴാതെ കാത്തു സൂക്ഷിക്കും.

അങ്ങനെ ടൂർണമെന്റ് ദിനം വന്നെത്തി. സിറാജ് തിരൂര് മണീസിൽ പോയി ഗോളി കയ്യിലിടുന്ന ഗ്ലൗസ്സും, നല്ല ഗോളി അണിയുന്ന ജൈസിയും ഒക്കെ വാങ്ങി പക്കാ ഒരു ഗോളി കീപ്പർ ലൂക്കിൽ, എതിർടീം കണ്ടാൽ ഒന്ന് ഞെട്ടും, ഇവനെ കബളിപ്പിച്ചു വേണമല്ലോ റബ്ബേ ഗോൾ ഇടാൻ എന്ന് മനസ്സിൽ പറയും, അത്രയ്ക്ക് കട്ടക്ക് കട്ടക്ക് നിൽക്കുന്ന ഗോളി.

ടൂർണമെന്റ് ഗ്രൌണ്ടിലേക്ക് ഞങ്ങളെ ടീം പുറപ്പെട്ടു.

ഇന്നത്തെ വാശിയേറിയ മത്സരം സ്പോണ്‍സർ ചെയ്തത് 'നാസ് dresses പെരുന്തല്ലൂർ' അനൗൻസ്മെന്റ് മൈക്കിൽ നിന്നും പിന്നെ ഹിന്ദി ഗാനം. ഹംകോ ഹമീസ്സെ ചുരാല്ലൊ..... ദില്മേ' ഇത്രേം പാടിയാൽ പിന്നെ പാട്ട് നിൽക്കും , പിന്നെയും അനൗൻസ്മെന്റ് ' ഈ ടൂർണമെന്റിലെക്കുള്ള ബോള്ളൂകൾ സ്പോണ്‍സർ ചെയ്തത് സ്റ്റിച്ച് വെൽ dresses പെരുന്തല്ലൂർ' ഈ രണ്ടു dresses തമ്മിൽ അടിയുണ്ടാകുമോ എന്ന് പേടി തോന്നും.

പിന്നെ ബാക്കി ഹിന്ദി ഗാനം ' കഹീതും ചുപാല്ലോ ... ഹം അകേലേ..... ഹോനജായെ ...... ദൂർ തുംസെ...'
പിന്നെയും അനൗൻസ്മെറ്റ് ' ഇരു ടീമുകളുടെയും ടീം മാനേജർമാരുടെ ശ്രദ്ധക്ക് ടീമുകളെ ഉടൻ ഗ്രൗണ്ടിൽ ഇറക്കുക , ഇരു ടീമുകളുടെയും ടീം മാനേജർമാരുടെ ശ്രദ്ധക്ക് ടീമുകളെ ഉടൻ ഗ്രൗണ്ടിൽ ഇറക്കുക .

ഹോനജായെ പാസ് ആാവൊ ഗലെസ്സെ ലഗാല്ലോ .... ഹംകോ ഹമീസ്സെ ച്ചുരാല്ലോ ദില്മേ കഹീതും ച്ചുപ്പാല്ലോ, ഹാം അകേലേ ആ ആ ആ .... ഹോനജായെ ദൂർ തുംസെ ഹോണ ജായെ .. പാസ് ആവോ ഗലെസ്സെ ലഗാലോ....

അങ്ങനെ നമ്മുടെ ടീം ഗ്രൗണ്ടിൽ ഇറങ്ങി, അലിയും ഷാഫിയും ജലീലും ഒക്കെ ഗ്രൗണ്ടിൽ പ്രാക്ടീസ് തുടങ്ങി, സിറാജ് ഗോളി പോസ്റ്റിന്റെ രണ്ടു കാലുകളിലും മുത്തം വെച്ച് മുകളിലേക്ക് ഒന്ന് ചാടി, ഉടനെ അലി ബോൾ പോസ്റ്റിലേക്ക് അടിച്ചു സിറാജ് ബോളിൽ ചാടി വീണു, wow അടുത്തിരുന്ന ആളുകൾ 'ഈ ഗോളി പുലിയാണ് ട്ടാ' എന്ന് വെച്ച് കാച്ചി. അത് കേട്ട സിറാജ് ഒന്ന് കൂടി ഉഷാറായി.

' സ്റ്റാർ ഓഫ്‌ ചമ്രവട്ടം ഉടൻ ഗ്രൗണ്ടിൽ ഇറങ്ങുക, സ്റ്റാർ ഓഫ്‌ ചമ്രവട്ടം ഉടൻ ഗ്രൗണ്ടിൽ ഇറങ്ങുക '
അനൗൻസ്മെന്റ് വീണ്ടും മുഴങ്ങി, ഞങ്ങളെ എതിർ ടീം ആണ് സ്റ്റാർ ഓഫ്‌ ചമ്രവട്ടം.
അങ്ങനെ അവരും ഇറങ്ങി, അവർക്ക് കൂടുതൽ പ്രാക്ടീസ് ചെയ്യാൻ ടൈം കൊടുക്കാതെ റഫറി വിസിൽ ഊതി ഗ്രൗണ്ടിൽ ഇറങ്ങി. ഉടൻ അനൗൻസ്മെന്റ് ' ഇന്നത്തെ മത്സരം നിയന്ത്രിക്കുന്നത് 'ജബ്ബാർ മംഗലം' ലൈൻ റഫറികൾ ' ഷമീർ പെരുന്തല്ലൂർ ആൻഡ്‌ താഹിർ പെരുന്തല്ലൂർ'
ജബ്ബാർ നാട്ടിലെ അറിയപ്പെട്ട റഫറി ആണ്, ഏതു കളിയും നിയന്ത്രിക്കാൻ അല്ലെങ്കിൽ റഫറി ജബ്ബാർ ആണ് എങ്കിൽ പത്തു ആളുകൾ കൂടുതൽ വരും, ജബ്ബാറിന്റെ റഫറി കാണാൻ, അത്രയ്ക്ക് ഫേമസ് ആണ് ജബ്ബാർ.

കളി തുടങ്ങി പത്തു മിനിറ്റ് കഴിഞ്ഞതും ഞങ്ങളെ എല്ലാം ഞെട്ടിച്ചു കൊണ്ട് സ്റ്റാർ ഓഫ്‌ ചമ്രവട്ടത്തിന്റെ കളിക്കാരൻ സിറാജ് ഗോളിയെയും കബളിപ്പിച്ചു വല ചലിപ്പിച്ചു, ഇടതു ഭാഗത്തേക്ക്‌ പോയ ബോൾ തടുക്കാൻ ഇന്റർനാഷണൽ ഗോളി സിറാജ് ചാടിയത് വലതു ഭാഗത്തേക്ക്, ഗോളടിച്ചവർ ആടിതിമിർക്കുമ്പോൾ ഒന്നും നടന്നില്ല എന്നമട്ടിൽ സിറാജ് നിന്നു.
കാണികൾ അടക്കം പറച്ചിൽ തുടങ്ങി, ഫസ്റ്റ് ഒന്ന് വീണില്ലേ ഇനി കളികാണാം മോനെ, ഒന്നൊന്നര കളി.
കളി മൂർച്ചിച്ചു കൊണ്ടിരുന്നു, ഓടി ഓടി ഞമ്മുടെ ആളുകളുടെ ഗ്യാസ് ഔട്ടായി തുടങ്ങിയിരുന്നു, അതിനടയിൽ വീണ്ടും ഒരു ഗോൾ കൂടി ഇന്റർനാഷണൽ ഗോളി വിട്ടു, മുഖത്ത് പ്രത്യേകിച്ചു ഒരു ഭാവ വ്യത്യാസം ഇല്ലാതെ സിറാജ് അങ്ങനെ നിന്നു.
അങ്ങനെ കളിയുടെ ആദ്യ പകുതിക്കു മുന്പ് ഇതാ വീണ്ടും ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് സ്റ്റാർ ഓഫ്‌ ചമ്രവട്ടം അവരുടെ മൂന്നാമത്തെ ഗോളും അടിച്ചിരിക്കുന്നു.
ഞങ്ങളെ ടീം ഒരു മുന്നേറ്റം നടത്തുന്നതിനിടയിൽ അത് മുഴങ്ങി. പീ പീ പീ പീീ .... റഫറി ഹാഫ് ടൈം ഊതി.
ഉടൻ അനൗൻസ്മെന്റ് മുഴങ്ങി ' കളിയുടെ ആദ്യ പകുതി അവസാനിച്ചപ്പോൾ എതിരില്ലാത്ത മൂന്നു ഗോളുകൾക് സ്റ്റാർ ഓഫ്‌ ചമ്രവട്ടം മുന്നിട്ടു നിൽകുന്നു, നാളെ ഈ സ്റെടിയത്തിൽ മത്സരിക്കുന്നു ' ടൌൻ ടീം പുല്ലൂരും ചലന്ജേർ പെരുന്തല്ലൂരും തമ്മിൽ..

വീണ്ടും റഫറി ഊതി, കളി തുടങ്ങി. കളി ഇപ്പോൾ ഞങ്ങളെ കോർട്ടിൽ ആണ്, അലിയും ഷാഫിയും ഒക്കെ കിണഞ്ഞു പരിശ്രമിച്ചു സ്റ്റാർ ഓഫ്‌ ചമ്രവട്ടത്തിന്റെ പോസ്റ്റ്‌ വരെ പോകും, അവിടെ നില്ക്കുന്ന ബാക്ക് പുലിയായതിനാൽ ശ്രമം എല്ലാം പാഴായി.

അങ്ങനെ വീണ്ടും സിറാജ് ഗോളി ശശി ആയി രണ്ടു ഗോൾ കൂടി വിട്ടു, ഞങ്ങളുടെ തോൽവി ഉറപ്പിച്ചു, ഇപ്പോൾ 5 ഗോൾ വിഴുങ്ങി നിൽക്കുകയാണ്.

മത്സരം അവസാനിക്കാൻ മിനിട്ടുകൾ ബാകി നിൽക്കുമ്പോൾ സ്റ്റാർ ഓഫ്‌ ചമ്രവട്ടം വിജയം ഉറപ്പിക്കാൻ വേണ്ടി ഒരു ഗോൾ കൂടി ഇന്റർനാഷണൽ ഗോളിക്ക് സമ്മാനിച്ച്‌ കൊണ്ട് കളി അവസാനിപ്പിച്ചു.

അങ്ങനെ അന്നത്തോട് കൂടി കെ എഫ് സി കാവഞ്ചേരിയുടെ പടം മടക്കി അരയിൽ ചീരി...

-ഇന്നും പത്തു കണ്ടത്തിൽ കളി നടക്കുമ്പോൾ ഗോളി സിറാജ് തന്നെ , പണ്ടത്തെ പോലെയല്ല ഇപ്പോൾ, ഞാനും കളിക്കാറുണ്ട്, ഇടയ്ക്കിടെ സിറാജിനെ നോക്കി ഞാൻ പറയും ..

' ഇന്റർനാഷണൽ ഗോളി , പിടിച്ചോ '

1 comments:

  1. മണീസ് പാൻ ബസാറിൽ ഇപ്പോഴുമുണ്ടോ ?

    ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...