Saturday, May 3, 2014

1:40 AM
5


ഡിസംബറിലെ മഞ്ഞുമൂടിപുതച്ച ഒരു പുലര്‍ക്കാലം.

നാട്ടിലെ കൊയ്ത്തു കഴിഞ്ഞ പാടത്ത് തകൃതിയായി ഫുട്ബോള്‍ കളി നടന്നു കൊണ്ടിരിക്കുകയാണ്.

'ഡാ മജീദേ, അന്‍റെ ഫോണ്‍ ഇതാ തേരി മേരി പാടുന്നു' എന്നാരോ വിളിച്ചു പറഞ്ഞതും ഗോള്‍ പോസ്റ്റിനു കാവല്‍ നിന്നിരുന്ന മജീദ്‌ ഡിഫന്‍ഡര്‍ സക്കീറിനോട് പറഞ്ഞു 'ഞാനാ ഫോണ്‍ കാള്‍ നോക്കിയിട്ട് വരാം, നീ വല കാക്ക്' എന്നും പറഞ്ഞു മജീദ്‌ ഫോണ്‍ വാങ്ങി അറ്റെണ്ട്‌ ചെയ്തു.
ഹലോ, അങ്ങേ തലയ്ക്കല്‍ നിന്നും തിരിച്ചു മറുപടി വന്നത് ഒരു സ്ത്രീ ശബ്ദം, ഹലോ മജീദ്‌ അല്ലെ ?
അതെ മജീദാണ്, ഇങ്ങളരാ?
ഞാനാടാ ഹംകേ, ആയിശുതാത്ത, പിന്നെ അനക്കിന്നു പണിയുണ്ടോ?.

ആ ഇങ്ങളായിരുന്നോ ആയിശുതാത്ത, ഇല്ല എനിക്കിന്ന് പണിയില്ല, എന്താ?

ന്നാലിജ്ജൊരു ഒന്‍പതു മണിയാകുമ്പോ പെരീക്ക് ബാ, ഇന്ന് പറമ്പില് തേങ്ങ ഇടുന്നുണ്ട്, ആ ഉണ്ണി വരാന്നു പറഞ്ഞിട്ടുണ്ട്, ഇജ്ജു വേറെ ഒരാളീം കൂടി വിളിച്ചോ.
ആയിക്കോട്ടെ, ഞാന്‍ എത്തിക്കൊള്ളാം എന്നും പറഞ്ഞു മജീദ്‌ ഫോണ്‍ കട്ട്‌ ചെയ്തു.

മജീദ്‌ ഫോണെടുത്തു ബാവാക്ക് വിളിച്ചു, ഡാ, ബാവാ ഇജ്ജെവിടെ? കളിക്കാന്‍ കണ്ടില്ലല്ലോ, ചെങ്ങായീ കുണ്ടീല്‍ കയ്യും ചീരി കിടക്കാതെ അനക്കൊന്നു രാവിലെ പാടം വരെ വന്നൂടെ?
ഞാന്‍ ഇന്നലെ സെക്കന്റിനു പോയടാ, നാളെ വരാം.

ആ ആയിക്കോട്ടെ പിന്നെ ഇന്നൊരു പരിപാടിയും ഏല്‍ക്കേണ്ട, ഒരു ചെറിയ പണിണ്ട് ട്ടാ ബാവ.
എവടെ?
എന്‍റെ ഭാവി ഭാര്യ വീട്ടില്‍.
സത്യം...!!!
ആട പന്നി സത്യം, അപ്പോ ഒന്‍പതു മണിയാകുമ്പോഴേക്കും റെഡിയായിക്കോ, എന്നും പറഞ്ഞു മജീദ്‌ ഗ്രൌണ്ടിലേക്ക് ഓടി.

'ഡാ സെക്കീറെ ഇന്ന് ലോട്ടറി അടിച്ചിട്ടുണ്ട്'
എന്താ?
അതൊക്കെ ഉണ്ട് മോനെ, ഇജ്ജിപ്പോ കളി ശ്രദ്ധിക്ക്, ചെല്ല് ചെല്ല്.

വീണ്ടും മജീദ്‌ കളിയില്‍ മുഴുകി, പക്ഷേ അവന്‍റെ മനസ്സു മുഴുവന്‍ ആയിശുതാത്താടെ പൊന്നോമന മകള്‍ ഹസീനയിലാണ്.

'ഹസീന' മജീദിന്റെ സ്വപ്നത്തിലെ നായിക.

പത്താം ക്ലാസ്സില്‍ പഠിക്കുന്ന ഹസീനയോടു അവന്‍റെ ഖല്‍ബിലെ മുഹബ്ബത്ത് തുറന്നു പറയാന്‍ കുറെ ശ്രമിച്ചെങ്കിലും ഹസീന ഒഴിഞ്ഞു മാറി കൊണ്ടിരിക്കുകയാണ്. അവളെ ഒന്ന് നേരില്‍ ഒറ്റക്ക് കിട്ടാനും തന്‍റെ ഇഷ്ടം പറയാനും അവസരങ്ങള്‍ തേടി നടക്കുകയാണ് മജീദ്‌.

അങ്ങനെ ഇരിക്കുമ്പോള്‍ ആണ് പറമ്പിലെ തേങ്ങയിടലില്‍ അവനൊരു ഓപ്പണ്‍ ചാന്‍സ് ആയിക്കിട്ടിയത്, തേങ്ങ പെറുക്കി കൂട്ടാന്‍ അവളും ഉമ്മയോടോപ്പം വരും.

'ഇന്നോളെ കാര്യത്തിലൊരു തീരുമാനം ഞാന്‍ കെട്ടും, ഒന്നുകില്‍ അവള്‍ അല്ലെങ്കില്‍ ഞാന്‍' എന്നും പിറുപിറുത്തു കൊണ്ട് മജീദ്‌ നില്‍ക്കുമ്പോള്‍ ആണ് അപ്രതീക്ഷിതമായി ബോള്‍ പോസ്റ്റ്‌ ലക്ഷ്യമാക്കി പറന്നു വന്നത്, ചിന്തിച്ചു നിന്ന മജീദ്‌ ഭംഗിയായി ബോള്‍ വിട്ടു ഗോള്‍ ആയി.

ഇജ്ജേതു അടുപ്പിലാണ് മൈ@$%@#$%@, ഇത് കണ്ടു നിന്ന സക്കീര്‍ മുഖം കറുപ്പിച്ചു.

അങ്ങനെ ഭംഗിയായി ഒരു ഗോളിനു തോറ്റ് മറ്റുള്ളോരെ വഴക്കും കേട്ട് മജീദ്‌ വീട് ലക്ഷ്യമാക്കി ഓടി.
കുളിയും കഴിഞ്ഞു ചായ കുടിച്ചിട്ടും ബാവയെ കാണാനില്ല, ഫോണെടുത്തു വീണ്ടും കറക്കി.
ബാവ ഓണ്‍ ലൈന്‍, ' എത്തിയടാ' എന്നും പറഞ്ഞു ബാവ കട്ടാക്കി.

അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ ബാവ പഴയ ഹെര്‍കുലീസ് സൈക്കിളും ചവിട്ടി മൂളിപ്പാട്ടും പാടി വന്നു.

മജീദ്‌ രൂക്ഷമായി ഒന്ന് നോക്കി, പിന്നെ ബാവയെയും കൂട്ടി ആയിശു താത്തന്‍റെ വീടും ലക്ഷ്യമാക്കി സൈക്കിള്‍ ചവിട്ടി.

അങ്ങനെ മജീദും അവന്‍റെ സന്തത സഹചാരി ബാവയും കൂടി ആയിശു താത്തന്റെ വീട്ടിലെത്തി.

ആയിശു തത്തോയ്, പൂയ് മീന്‍കാരന്‍ പോലും തോറ്റ് പോകുന്ന മജീദിന്റെ ഡിജിറ്റല്‍ ഡോള്‍ബി സൌണ്ടില്‍ ഉള്ള പൂക്കു കേട്ട് കോലായിലെ വാതില്‍ ഇത്തിരി തുറന്നു ഒരു മറുപടി വന്നു 'ഉമ്മ കുളിക്കാന്, ആരാ?
ഞാനാണ്‌ മജീദ്‌, ആരാത് ഹസീനയാണോ ?
ഹസീന അല്ല , ഓളെ പ്രേതം, ഉമ്മ ഇപ്പൊ വരും, ഞാന്‍ പറയാം എന്നും പറഞ്ഞു ഹസീന വാതില്‍ കൊട്ടിയടച്ചു.
'ഞാന്‍ മുണ്‌ങ്ങാന്‍ വന്നതാണ് ന്നാണ് ഓളെ വിജാരം' പിറുപിറുത്തു കൊണ്ട് മജീദ്‌ കോലായില്‍ ഇട്ട കസേരയില്‍ ഒരറ്റ ഇരിപ്പ്.

ഇതൊക്കെ കണ്ടു അക്ഷമനായി നിന്ന ബാവ, അല്ല മജീദേ, ഓള്‍ക്ക് അന്നോട്‌ ഇഷ്ട്ടം ഇല്ല എന്നാണ് എനിക്ക് തോന്ന്ണത്.

അതനക്കെങ്ങനെ അറിയും? ഇജ്ജോളെ മനസ്സില്‍ കയറി പാളി നോക്കിയാ?
അതല്ല.
ഏതല്ല ..മുണ്ടാണ്ടോരുപാത്ത് നിന്നോ, പണി ഞാന്‍ കാന്‍സല്‍ ചെയ്യും എന്നും പറഞ്ഞു വീണ്ടും മജീദ്‌ തിരിഞ്ഞിരുന്നു.

അങ്ങനെ പത്തിരുപത് മിനുട്ടിന് ശേഷം ആയിശു താത്ത കുളി കഴിഞ്ഞു വന്നു, അല്ല മജീദേ ഇജ്ജെപ്പോ വന്നു? ഇമ്മു (ഹസീന ഓമന പേര് ) അന്നെ കണ്ടീല?
കണ്ടിരുന്നു, ഓള് ഇങ്ങളോട് ഒന്നും പറഞ്ഞില്ല ?
ഇല്ല പറഞ്ഞില്ല, അല്ലേലും ആ ഹറാംബെര്‍ന്നോള് ആവശ്യള്ള കാര്യങ്ങള്‍ ഒന്നും പറയൂല, സ്കൂള്‍ ഇല്ലെങ്കി ഫുള്‍ ടൈം ഫോണ്‍, ടിവി, ഈ രണ്ടു കാര്യേ ഒള്ക്കുള്ള് എന്നും പറഞ്ഞു ആയിശുത്ത അകത്തേക്ക് പോയി.
മജീദ്‌ ലടു പൊട്ടി നില്‍ക്കുകയാണ്, മജീദ്‌ ബാവയെ കണ്ണ് കൊണ്ട് ആംഗ്യം കാട്ടി അടുത്തേക്ക് വിളിച്ചു 'ഡാ ഓളെ കയ്യില്‍ മൊബൈല്‍ ഉണ്ടെന്നു, എങ്ങനെയെങ്കിലു നമ്പര്‍ അടിച്ചു മാറ്റണം'

'നേരിട്ട് കണ്ടിട്ട് കടിച്ചു കീറാന്‍ വരുന്ന ഓളാണ് ഇനി മൊബൈലിലൂടെ അന്നോട് കിന്നരിക്കാന്‍ വരുന്നത്, നടക്കുന്ന വല്ല കേസും ഉണ്ടെങ്കി പറയ്‌' ബാവ മജീദിനെ കളിയാക്കി.

അത് താങ്ങാനാകാതെ മജീദ്‌ അണ്ടി പോയ അണ്ണാനെ പോലെ കോലായില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

'ന്നാ ഞമ്മക്ക് പോകാം' എന്നും പറഞ്ഞു ആയിശു താത്ത പുറത്തേക്കു വന്നു , കൂടെ രണ്ടു അരിവാള്‍ കത്തിയുമായി ഹസീനയും.

തൊടിയിലേക്ക്‌ യാത്രയായി, ആയിശു താത്ത വിജയിച്ചു വരുന്ന പോരാളിയെ പോലെ മുന്നില്‍, പിന്നില്‍ ഹസീന, ഹസീനാന്‍റെ പിന്നില്‍ മജീദ്‌, ബാവയെ ഇടക്ക് തിരിഞ്ഞു നോക്കി പുളിങ്ങ തിന്ന ചിരിയും ചിരിച്ചു നടന്നു.

പറഞ്ഞ സമയത്ത് തന്നെ ഉണ്ണി എത്തിയിട്ടുണ്ട്, തേങ്ങയിടല്‍ തുടങ്ങി, ആയിശു താത്തയും ഹസീനയും കൂടി തേങ്ങ പെറുക്കി കൂട്ടുന്നു, ബാവ മജീദിന് തേങ്ങ കൊട്ടയിലെക്ക് ലോഡ് ചെയ്തു കൊടുക്കുന്നു, മജീദ്‌ തേങ്ങ വണ്ടിയില്‍ കൊണ്ട് പോകാനുള്ള രീതിയില്‍ ഒരു ഭാഗത്ത് കൊണ്ടുപോയി ചെരിയുന്നു.

പണി ഉഷാറായി നടക്കുന്നു, ഇടയ്ക്കിടെ മജീദ്‌ ഹസീനയെ ഇടം കണ്ണിട്ടു നോക്കും, ഓളെങ്ങാനും ഞമ്മളെ നോക്കുന്നുണ്ടോ എന്നറിയാന്‍, ഇതൊക്കെ കണ്ടു ബാവ കൈ മലര്‍ത്തി. 'നടക്കൂല്ല മോനെ' എന്ന രീതിയില്‍.

കരിയിലകള്‍ കത്തിക്കാന്‍ തീപ്പെട്ടി വാങ്ങി വരാം എന്നും പറഞ്ഞു ആയിശു താത്ത തൊടിയുടെ അടുത്തുള്ള വീട്ടിലേക്ക് പോയി.

കിട്ടിയ ചാന്‍സ് മുതലാക്കി ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കണം എന്ന് ബാവയോടു പറഞ്ഞു മജീദ്‌ ഹസീനക്ക് അരികിലേക്ക് പാത്തും പതുങ്ങിയും എത്തി.
ഓല വലിച്ചു കൊണ്ട് പോകുന്ന ഹസീനയുടെ അടുത്തെത്തിയ മജീദ്‌ അവള്‍ വലിക്കുന്ന ഓലയില്‍ ഒരു ചവിട്ടു ചവിട്ടി, ഹസീന തിരിഞ്ഞു നോക്കി, നരനില്‍ മോഹന്‍ലാല്‍ നില്‍ക്കുന്ന പോലെ നില്‍ക്കുന്ന മജീദിനെ നോക്കി ഹസീന പറഞ്ഞു, 'എന്താ അന്‍റെ പ്രശ്നം?
എന്‍റെ പ്രശ്നം നീയാണ് പെണ്ണെ.
ഞാനോ? ഞാന്‍ നിനക്കെന്തു പ്രശ്നാ ഉണ്ടാക്കിയത്, നീ ഓലയില്‍ നിന്ന് കാലെടുക്ക്, ഇല്ലെങ്കില്‍ ഞാന്‍ ചീറും.
ഇജ്ജു ചീരൊന്നും വേണ്ട, എനിക്ക് അന്നോടോരു കാര്യം പറയാനുണ്ട്.
എന്ത് കാര്യം?
എനിക്ക് എന്താന്ന് എന്നൊന്നും അറിയില്ല , എനിക്കിഷ്ടാണ്.
ആരെ?
ആരെയും അല്ല, അന്നെ തന്നെ.
അയ്യടാ, എനിക്കന്നെ ഇഷ്ടോന്നും ഇല്ല, മാറി നിക്ക് എന്നും പറഞ്ഞു ഓല വലിച്ചു കൊണ്ട് ഹസീന പോയി.

എല്ലാം കേട്ട് കിളി പോയി മജീദ്‌ അങ്ങനെ നിന്നു, ആകെ ഒരു മഴക്കാറ് അവന്‍റെ മുഖത്ത് കണ്ടു.
നില്‍ക്കൂ, എന്നും പറഞ്ഞു മജീദ്‌ ഹസീനയുടെ അടുത്തേക്ക് ഓടി, 'അതെന്താ അനക്ക് എന്നെ പറ്റാത്തത്? ചെറിയ വീട് ആയിട്ടാ?
അതോ ന്നെ കാണാന്‍ രസല്ല്യെ ?.
അതൊന്നും അല്ല, എനിക്ക് വേറെ ഒരാളെ ഇഷ്ടാണ്,അനക്കറിയും ഓനെ, അലി ഇല്ലേ അലി, ഓനാണ്.

ഇനിയെന്ത് പറയും എന്നറിയാതെ നില്‍ക്കുന്ന മജീദിനെ കടന്നു ഹസീന ഓലയുമായി നടന്നു നീങ്ങി.
ഹസീനയെയും നോക്കി ഒരക്ഷരം മിണ്ടാതെ നില്‍ക്കുന്ന മജീദിന്‍റെ അടുത്തേക്ക് എല്ലാം കേട്ട് തെങ്ങിന് പിറകെ നില്‍ക്കുന്ന ബാവ കടന്നു വന്നു, 'അളിയാ, പോട്ടെടാ അളിയാ, ഓള്‍ക് വേണ്ടെങ്കില്‍ പിന്നെ നമുക്കെന്തിനാടാ, നീ വാ നമുക്ക് പോകാം.

എല്ലാ പ്രതീക്ഷയും അസ്തമിച്ചു ഒന്നും മിണ്ടാതെ മജീദ്‌ ബാവയുടെ പിന്നാലെ നടന്നു.

ഒരു റണ്ണിനു കപ്പ് നഷ്ടമായ ഇന്ത്യന്‍ ടീമിനെ പോലെ മജീദും ബാവയും തലയും താഴ്ത്തി പറമ്പ് വിടാനുള്ള തെയ്യാറെടുപ്പിലാണ്.

'എന്തിനാടാ തെണ്ടി വേണ്ടാത്ത പണിക്ക് പോയത്, അന്നോട്‌ ആദ്യമേ ബാവ പറഞ്ഞില്ലേ, പറ്റുന്ന പണിക്ക് പോയാല്‍ മതിയെന്നു, ജഗതിയെ പോലെ കൈപണിയാണ് എന്നും പറഞ്ഞു പിന്നാലെ നടക്കണ്ട എന്ന്, ഇപ്പോള്‍ തൂണിനു ചുറ്റും കട്ടില് ഉണ്ടാക്കി സാധനവും എടുത്തു പായേണ്ട അവസ്ഥ ആയില്ലേ, ആദ്യമേ പറഞ്ഞത് കേട്ട് ഞമ്മക്ക് വിധിച്ച പുളിങ്കോമ്പല്ല ഇത് എന്ന് വിചാരിച്ചാല്‍ ഈ അവസ്ഥ ഉണ്ടാകുമായിരുന്നോ? തെങ്ങിന്‍റെ മണ്ടെന്നു ഇറങ്ങി വരുന്ന ഉണ്ണി വിളിച്ചു പറഞ്ഞു.
ഇനി ഏതായാലും പണി കഴിഞ്ഞു പോയാല്‍ മതി, ആയിശു താത്ത അതാ വരുന്നു. ഉണ്ണി മറ്റൊരു തെങ്ങില്‍ വലിഞ്ഞു കയറുമ്പോള്‍ പറഞ്ഞു.

മനസ്സില്ലാ മനസോടെ രണ്ടു പേരും തേങ്ങയിടല്‍ കഴിയുവോളം അവിടെ നിന്നു, 'അവാര്‍ഡ്‌ പടത്തിനു തിയേറ്ററില്‍ പെട്ട ഫാന്‍സുകാരെ പോലെ ഒരു വിധം സഹിച്ചു പണി എടുത്തു.

'ചായ കുടിച്ചിട്ട് പോകാം, പെരീക്ക് പോരിം ട്ടാ'
പണി കഴിഞ്ഞപ്പോള്‍ ആയിശു താത്ത എല്ലാവരോടുമായി പറഞ്ഞു.
'ഞങ്ങള് പാവങ്ങളാണ് കട്ടന്‍ ചായയെ കുടിക്കാരുള്ളൂ, പാല്‍ ചായ ഇപ്പോള്‍ പഴേ പോലെ ഇറങ്ങാറില്ല' മജീദ്‌, ഹസീനയെ പാളി നോക്കി കൊണ്ട് പറഞ്ഞു.
എന്താടാ ഇജ്ജു പിച്ചും പേയും പറയുന്നത്, ന്താപ്പോ അനക്ക് പറ്റീത്?
താത്ത രൂക്ഷമായി മജീദിനെ നോക്കി.
മജീദ്‌ ഒന്നും മിണ്ടിയില്ല.
എന്തെങ്കിലും പറ്റ്ണതിന് മുന്‍പ് ഇങ്ങളു ആ അധോലോക സുന്ദരിയേയും വിളിച്ചോണ്ട് പോയ്കോളിം, ഇല്ലെങ്കില്‍ ഇന്കെന്താ പറ്റീത് ന്നു ഇങ്ങളെ പുന്നാര മോള് അറിയും, താത്ത തിരിഞ്ഞു നടന്നപ്പോള്‍ മജീദ്‌ ബാവാന്‍റെ ചെവിയില്‍ പറഞ്ഞു
ബാവ ഒരു പുളിങ്ങ തിന്ന ചിരി മുഖത്ത് വരുത്തി.

ഡാ, മജീദെ, ഇജ്ജു ബരുന്നുണ്ടെങ്കി വാ.ഇത്താത്ത വിളിച്ചു പറഞ്ഞു.
ഇല്ല വരുന്നില്ല.
ആ എന്താച്ചാ കാട്ട്, ബൈന്നാരം പൈസക്ക് അങ്ങണ്ട് പോരെ, പെരീക്ക് ട്ടാ.
ആ വന്നോളാം.

താത്തയും ഹസീനയും കൂടി വീട്ടിലേക്കു പോയി. ഹസീന മജീദിനെ മൈന്‍ഡ് പോലും ചെയ്യാതെ താത്താന്‍റെ പിന്നാലെ നടന്നു.

ആ പണ്ടാരക്കാലന്‍ അലിക്ക് ഓളെ നോക്കാന്‍ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ട്, ആ പോക്ക് നോക്കി മജീദ്‌ അങ്ങനെ നിന്നു, ആള്‍ കൂട്ടത്തില്‍ വളിയിട്ട പോലെ.

പോട്ടളിയാ, ഒന്ന് പോയാല്‍ ഒമ്പതെണ്ണം ഉണ്ടാകുമെടാ, അനക്ക് സൂപ്പെര്‍ ചരക്കിനെ ഈ ബാവ ഒപ്പിച്ചു തരുമെടാ, വേണ്ടാത്ത സ്വപ്‌നങ്ങള്‍ നല്‍കി ബാവ മജീദിനെ ആശ്വസിപ്പിച്ചു, പിന്നെ അവനേയും വിളിച്ചു വീട്ടിലേക്കു യാത്രയായി.

വൈകുന്നേരം മജീദ്‌ ബാവാക്ക് ഫോണ്‍ കറക്കി, 'ഇജ്ജു പോയിട്ട് ആ പൈസ വാങ്ങി വരണം, ഞാനില്ല ആ നരകത്തിക്ക്'
ആ ഇത് എന്‍റെ കൂടി പള്ള പ്രശനമല്ലേ , ഞാന്‍ പൊയ്കോളാം.
അല്ല എത്ര വാങ്ങണം ?
ഒരു നാന്നൂറു വാങ്ങിക്കോ, ഓര്ക്കുണ്ടാക്കിട്ട് ഞമ്മക്കെന്തു കിട്ടാനാ.
നാന്നൂറു കിട്ടുമോ? ബാവ ചോദിച്ചു.
കിട്ടണം, കിട്ടും, അതും കൊണ്ട് ഇജ്ജിങ്ങട്ട് വന്നാ മതി, ഓരങ്ങനെ ഞമ്മളെ കൊണ്ട് മൊയലാളിമാര്‍ ആകണ്ട, പിന്നെ കഴിഞ്ഞ തവണത്തെ പോലെ തേങ്ങ പൊളിക്കാന്‍ മജീദിനെ കിട്ടില്ല വേറെ ആളെ നോക്കാന്‍ പറയണം ഓരോട്.
ഹഹഹ, മൊയലാളി സീരിയസ് ആണല്ലോ?
വെക്കടാ തെണ്ടി ഫോണ്‍, മജീദ്‌ ഫോണ്‍ കട്ട് ചെയ്തു.

മൂസാക്കാന്‍റെ ചായപ്പീടികയില്‍ കാരംസ് ബോര്‍ഡിനു അടുത്ത് താടിക്ക് കയ്യും കൊടുത്തു മജീദ്‌ ചിന്തയിലാണ്, കുറച്ചു കഴിഞ്ഞപ്പോള്‍ ബാവയും വന്നു.
'ആ കള്ള ഖിമാര് അലിയെ കയ്യില്‍ കിട്ടിയാല്‍' മജീദ്‌ പല്ലിരുമ്പി.

ആ ഭൂലോക സുന്ദരി ഉണ്ടായിരുന്നോടാ അവിടെ, ഒളൊരു അലി, രണ്ടിനേം............ മജീദ്‌ മുഴുവനാക്കിയില്ല.
ബാവ ഇതെല്ലാം കേട്ട് കൊണ്ട് മജീദിനെയും തുറിച്ചു നോക്കി ഇരുന്നു.

ബാവ പല ഉപദേശങ്ങളും നല്‍കി, ഒരു നല്ല സുഹൃത്തിന്‍റെ സ്ഥാനത്ത് നിന്നുകൊണ്ട്, അവസാനം ആ അദ്ധ്യായം നമുക്ക് മറക്കാം എന്ന് മജീദിനെ ബാവ പഠിപ്പിച്ചു, എങ്കിലും ദഹിക്കാത്ത പൊറോട്ട പോലെ അതിങ്ങനെ മജീദിനെ ആശ്വസ്ഥനാക്കി.
ഇനി ഹസീന തന്‍റെ ജീവിതത്തില്‍ ഇല്ല എന്നും പറഞ്ഞു മജീദ്‌ കൊള്ളി മുറിച്ചിട്ടു.

കാലങ്ങള്‍ കണ്ണുചിമ്മി തുറക്കുന്ന പോലെ കടന്നു പോയി.

ഹസീന പ്ലസ്‌ ടുവിനു പഠിക്കുന്നു, മജീദ്‌ ഇന്നും കൂലിപ്പണി തന്നെ,
ഇടക്ക് രണ്ടാളും നേരില്‍ കാണും എങ്കിലും അറിയാത്തവരെ പോലെ നടന്നകലും, ഹസീന പോയി കഴിയുമ്പോള്‍ മജീദ്‌ നിര്‍വികാരനായി അവളെ നോക്കി നില്‍ക്കും, പിന്നെ ഒരു പുഞ്ചിരിയില്‍ ഒതുക്കി തിരിഞ്ഞു നടക്കും.

ആയിടക്കാണ് അളിയന്‍റെ കാരുണ്യത്തില്‍ മജീദിന് ഒരു വിസ ശരിയായത്, കുറെ കാലം തിന്ന ചോറിനു നന്ദി പറയാന്‍ മജീദ്‌ ആയിശുതാത്താന്‍റെ വീട്ടിലേക്കു യാത്ര പറയാന്‍ പോയി.

അവിടെ ഹസീനയുടെ ഉപ്പയും രണ്ടു ആങ്ങളമാരും ഉണ്ടായിരുന്നു, ഉപ്പയും മക്കളും കൂടി വന്നിട്ട് ആഴ്ച്ചകളെ ആയിട്ടുള്ളൂ, അവര്‍ എന്തോ കാര്യമായ ചര്‍ച്ചയിലാണ്, അവിടേക്കാണ് മജീദ്‌ യാത്ര പറയാന്‍ വേണ്ടി എത്തിയത്.
അല്ല ആരിത് മജീദോ? എന്തൊക്കെ ഉണ്ടെടാ വിശേഷം, നീ കയറി ഇരിക്കടാ, മൂത്ത ഇക്കാക്ക മജീദിനെ കോലായിലേക്ക് ക്ഷണിച്ചു.
മജീദ്‌ കോലായില്‍ കയറി കസേരയില്‍ ഇരുന്നു.
വിശേഷങ്ങള്‍ പങ്കു വെച്ചു, അവസാനം മജീദ്‌ പറഞ്ഞു, 'ഞാന്‍ മറ്റന്നാള്‍ ഖത്തറിലേക്കു പോകുകുയാണ്, അപ്പോള്‍ താത്താനെ കണ്ടു പറയാം എന്ന് കരുതി വന്നതാ'.
'ഓഹോ, അല്‍ഹംദു ഇല്ലാഹ്, നല്ല കാര്യം' എന്നും പറഞ്ഞു ഹസീനയുടെ ഉപ്പ വീട്ടിനു ഉള്ളിലേക്ക് നീട്ടി വിളിച്ചു 'ഡീ ആയിശൂ, ഇവിടെ വാ'
ആയിശു താത്ത മുണ്ടിന്മേല്‍ കയ്യും തുടച്ചു ഓടി വന്നു.
'അല്ല ആരിത്, മജീദോ, അനക്ക് ഈ വഴി ഒക്കെ ഓര്‍മയുണ്ടോടാ'
അല്ല അത് പിന്നെ, എനിക്ക് ഒരു വിസ ശരിയായി, മറ്റന്നാള്‍ ഞാന്‍ പോകും, അത് പറയാന്‍ വന്നതാ.
അള്ളാ, അങ്ങനെ ഇജ്ജും ഗള്‍ഫി പോവാണ് ല്ലേ, പടച്ചോന്‍ നന്നാക്കി തരട്ടെ.
'ആമീന്‍' എല്ലാവരും കൂടി ഒന്നിച്ചു പറഞ്ഞു.
ഇജ്ജിരിക്ക് ഞാന്‍ കുടിക്കാന്‍ എന്തെങ്കിലും എടുക്കാം എന്നും പറഞ്ഞു ആയിശു താത്ത അകത്തേക്ക് പോയി.

കുറച്ചു കഴിഞ്ഞപ്പോള്‍ ഹസീന വെള്ളവുമായി വന്നു, പുറകെ ഇത്തയും, 'ഇജ്ജരിഞ്ഞാ മജീദ്‌ മറ്റന്നാള്‍ ഗള്‍ഫില്‍ പോവാണ്' എന്ന് ഇത്ത ഹസീനയോടു പറഞ്ഞു.
ആഹാ, തന്നെ?.
ഉം, എന്ന് മജീദ്‌ പറഞ്ഞു.
വെള്ളം കുടിച്ചു 'എന്നാല്‍ ഞാന്‍ പോട്ടെ സലാം അലൈകും' എന്നും പറഞ്ഞു മജീദ്‌ പുറത്തേക്കു ഇറങ്ങി.
ആ പിന്നെ മജീദെ, ഇവിടെ ഒരു വിശേഷം നടക്കാന്‍ പോവാണ് ട്ടാ, ഇത്താത്ത വിളിച്ചു പറഞ്ഞു.
'എന്താ' എന്നും ചോദിച്ചു മജീദ്‌ തിരിഞ്ഞു നിന്നു.
ഒന്നുല്ല്യ പരീക്ഷ കഴിഞ്ഞാല്‍ ഹസീനാന്‍റെ നിക്കാഹു ഉണ്ടാകും, ഞമ്മളെ അലിയുമായിട്ട്, നിനക്കറിയില്ലേ അലിയെ.

ആ ആ അലി, മനസ്സിലായി, മജീദ്‌ ഹസീനയെ നോക്കി, അവള്‍ അവനെ നോക്കി ഒന്ന് ചിരിച്ചു എന്ന് വരുത്തി.

ഇത്രേം വരെയായി അല്ലെ കാര്യങ്ങള്‍ എന്ന് മനസ്സില്‍ ചിന്തിച്ചു മജീദ്‌ പറഞ്ഞു 'എന്നാല്‍ ഞാന്‍ പോട്ടെ, ഇന്ഷാ അള്ളാ വന്നിട്ട് കാണാം'.
ഇന്ഷാ അള്ളാ എന്ന് എല്ലാവരും പറഞ്ഞു.

പുറത്തേക്കിറങ്ങിയ അവന്‍റെ മനസ്സില്‍ മുഴുവന്‍ ഹസീനയും അലിയും ആയിരുന്നു , എന്ത് കണ്ടിട്ടാണ് ഇവര്‍ അവനു ഇവളെ കെട്ടിച്ചു കൊടുക്കുന്നത് എന്ന് ചിന്തിച്ചിട്ട് മജീദിനു ഒരു എത്തും പിടിയും കിട്ടിയില്ല, എന്തായാലും അലി ഇവളെ സ്വത്തും ഗ്ലാമറും കണ്ടുതന്നെയാണ് പിന്നാലെ നടന്നത്. അള്ളാ ഖൈര്‍ ചെയ്യട്ടെ എന്ന് അവന്‍ പ്രാര്‍ഥിച്ചു.

അങ്ങനെ മജീദ്‌ ഗള്‍ഫിലേക്ക് പറന്നു.

രണ്ടു വര്‍ഷത്തിനു ശേഷം മജീദ്‌ നാട്ടില്‍ തിരിച്ചെത്തി.

രണ്ടു മൂന്നു ദിവസത്തെ അത്യാവശ്യ കറക്കം കഴിഞ്ഞു മജീദ്‌ ആയിശു താത്താനെ കാണാനായി അവരുടെ വീട്ടിലേക്കു പോയി.

കാള്ളിംഗ് ബെല്‍ അടിച്ചപ്പോള്‍ വാതില്‍ തുറന്നു വന്നത് ഹസീന.

അല്ല, ഹസീനയോ?

മജീദ്‌ എന്ന് വന്നു ? കയറി ഇരിക്കു, ഹസീന അവനെ കോലായിലേക്ക് ക്ഷണിച്ചു കസേര നീക്കിയിട്ടു.
രണ്ടു ദിവസമായി വന്നിട്ട്, ചില അത്യാവശ്യ കാര്യങ്ങള്‍ ഉണ്ടായിരുന്നു അതുമായി ഒരു ചെരിയ യാത്ര ഉണ്ടായിരുന്നു അതൊക്കെ കഴിഞ്ഞാണ് വരുന്നത്, എന്നും പറഞ്ഞു മജീദ്‌ കസേരയില്‍ ഇരുന്നു, അല്ല ഉമ്മ എവിടെ ?
ഉമ്മ ആശുപത്രിയില്‍ പോയതാ, ഒരു ചെറിയ പനി.
ഓ.... അല്ല എന്താ നിന്‍റെ കോലം ഇങ്ങനെ, എന്ത് പറ്റി നിനക്ക്, കല്യാണം കഴിഞ്ഞോ, അലിയുടെ പാടെന്താ?

നിനക്ക് എത്ര മാസം ലീവുണ്ട്‌, ഹസീന വിഷയത്തില്‍ നിന്നും തെന്നി മാറാന്‍ നോക്കി.
രണ്ടോ മൂന്നോ മാസം, കല്യാണമുണ്ട്, അത് കഴിഞ്ഞു വേണം പോകാന്‍, അല്ല ഞാന്‍ ചോദിച്ചതിനു ഉത്തരം പറഞ്ഞില്ല, എന്താ നീ ഇങ്ങനെ, നിന്‍റെ തടീം വണ്ണവും ഒക്കെ എവിടെ പോയി ?

ഹസീന നിരാശയോടെ തല താഴ്ത്തി.
ഓനിപ്പം ഇവിടെ തന്നെ ഉണ്ട്, ഒരു പണിക്കും പോകില്ല, എന്‍റെ സ്വത്തും പണവും മതി ഓന്ക്. ഹസീന പറഞ്ഞു തേങ്ങി കരഞ്ഞു.

നിന്‍റെ കോലം എന്താ ഇങ്ങനെ ഹസീന ? മജീദ്‌ അവളെ തുറിച്ചു നോക്കി, എല്ലും തോലുമായി.

കല്യാണമൊന്നും കഴിഞ്ഞിട്ടില്ല, നികാഹു മാത്രമേ കഴിഞ്ഞിട്ടുള്ളൂ, ഓനിങ്ങനെ പണീം കൂലിയും ഇല്ലാതെ നടക്കുമ്പോള്‍ എന്ത് കണ്ടാണ്‌ കെട്ടിക്കുന്നത് എന്നാണു ഉപ്പയും ഇക്കക്കമാരും ചോദിക്കുന്നത്.

അപ്പോള്‍ ഇനി കല്യാണം ? മജീദ്‌ പറഞ്ഞു നിര്‍ത്തി.

അതൊന്നും എനിക്കറിയില്ല എന്നും പറഞ്ഞു ഹസീന വിങ്ങി പൊട്ടി.
അവനു നിക്കാഹു ചെയ്തു കൊടുത്തില്ലേ, ഇനി എന്‍റെ വിധി ഇതാകും, എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാതവളെ പോലെ ഞാന്‍.

രണ്ടാളും കുറെ സമയം പരസ്പരം മിണ്ടാതെ നിന്നു.

എന്നാല്‍ ശരി, ഞാന്‍ ഇറങ്ങട്ടെ, ഉമ്മ വന്നാല്‍ പറയണം.
എന്നും പറഞ്ഞു മജീദ്‌ എണീറ്റു.

വിഷമിക്കണ്ട, പടച്ചവന്‍ എല്ലാം കാണുന്നുണ്ട്, എല്ലാം ശരിയാകും, ഷൂ ഇടുമ്പോള്‍ കുനിഞ്ഞു നിന്ന് കൊണ്ട് തന്നെ മജീദ്‌ പറഞ്ഞു.
ഓക്കെ പോട്ടെ എന്ന് തലയാട്ടി മജീദ്‌ തിരിച്ചു നടന്നു.

കുറച്ചു ദൂരം നടന്നപ്പോള്‍ ഒരു വിളി 'മജീദ്‌'

അവന്‍ തിരിഞ്ഞു നോക്കി, ഹസീന, അവന്‍ വീണ്ടും അവളുടെ അടുത്തേക്ക് പോയി.
എന്നോടു ക്ഷമിക്കണം.
എന്തിനു ? മജീദ്‌ ചോദിച്ചു.
പണ്ടത്തെ ആ കാര്യത്തിന്.....
ആ അതൊക്കെ ഞാന്‍ അപ്പോള്‍ തന്നെ മറന്നതാ, അന്നേ വിട്ടു. ഞാനിപ്പോള്‍ ഒരു കല്യാണമൊക്കെ കഴിക്കാന്‍ പോകുകയല്ലേ.

ഹസീന മുഖത്തൊരു ചിരി വരുത്തി ചോദിച്ചു എന്നാ കല്യാണം ?

ആ അടുത്ത് തന്നെ ഉണ്ട് , നിശ്ചയം ഈ ആഴ്ച തന്നെ ഉണ്ടാകും.
അപ്പോള്‍ പെണ്ണൊക്കെ കണ്ടോ ? ഹസീനയുടെ കണ്ണുകള്‍ വികസിച്ചു.
ആ അതൊക്കെ പെട്ടെന്നായിരുന്നു, കണ്ടു പറ്റി.
ആരാ ? ഹസീന ആകാംഷയോടെ ചോദിച്ചു.

'ആ അത് സസ്പെന്‍സ് ആണ് , അന്ന് അറിഞ്ഞാ മതി ട്ടാ' എന്നും പറഞ്ഞു മജീദ്‌ തിരിച്ചു നടന്നു.

മജീദ്‌ പോകുന്നതും നോക്കി നിറകണ്ണുകളോടെ ഹസീന അവനെ തന്നെ നോക്കി നിന്നു.

'പടച്ചവനെ എന്‍റെ മജീദിന് നീ ഒരു നല്ല ജീവിതം നല്‍കണേ' എന്ന് മനസ്സുരുകി പ്രാര്‍ഥിച്ചു കൊണ്ട്.

ശുഭം...
Next
This is the most recent post.
Older Post

5 comments:

  1. കഥാതന്തു പുതുമയുള്ളതല്ല. എങ്കിലും നാട്ടിപുറഭാഷയിൽ കഥ വായിക്കുമ്പോൾ മടുപ്പ് അനുഭവപ്പെടുന്നില്ല. കഥയുടെ അവസാനം സസ്പെൻസ് നില നിർത്തിയിരിക്കുന്നതും നന്നായി.

    ReplyDelete
  2. blogil malayalam engine ezhudum?

    ReplyDelete
  3. നല്ല രസകരമായ അവതരണം.ഞാനിതു വായിക്കുമ്പോൾ ഒരു കൊ-ഇൻസിഡന്റ്‌ പോലെ കാറിലെ സ്റ്റീരിയോയിൽ നിന്നും "കണ്ണീർ പൂവിന്റെ കവിളിൽ തലോടി" എന്ന പാട്ട്‌. നാടൻ ഭാഷയുടെ ഉപയോഗം വായനയെ കൂടുതൽ ഹൃദ്യമാക്കി. ആശംസകൾ

    ReplyDelete
  4. വളരെ ഇഷ്ടപ്പെട്ടൂ

    ReplyDelete
  5. വല്ല്യ കഥ ആണങ്കിലും നന്നായിക്ക്ണ്
    super

    ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...