Friday, April 25, 2014അങ്ങാടിയില്‍ സൊറയും പറഞ്ഞു നിന്നിരുന്ന  ജബ്ബാര്‍ പെട്ടെന്ന്  'ന്‍റെ അള്ളോ' എന്നും പറഞ്ഞു വീട്ടിലേക്ക് ഒരു ഓട്ടം,  കൂടെ നിന്നവര്‍ ഏറുകൊണ്ട  മങ്ങാകുല പോലെ നാലുവഴിക്കും മാറികൊടുത്തു, ആര്‍ക്കും  ഒന്നും മനസ്സിലായില്ല,  ഇത്ര ദൃതിപിടിച്ച ഓട്ടം എന്തിനാണെന്നു.

മമ്മദിന്‍റെ മോളെ കല്യാണത്തിനു തിന്ന ബിരിയാണിയുടെ സ്റ്റാറ്റസ് പരിശോധിച്ചു കൊണ്ട്  ചായ കുടിക്കുന്ന വയസ്സന്മാര്‍ അവനെ നോക്കി പറഞ്ഞു ' ഏണ്ടാ ആ പഹയന്‍ വെടികൊണ്ട പന്നിനെ പോലെ പോണാവോ?  കുതിരക്ക് പോലും ഇത്ര സ്പീഡ് ഉണ്ടാകില്ല',  പറയേണ്ട താമസം  റോഡ്‌ വക്കില്‍ കെട്ടിയ ആടിന്‍റെ കയര്‍ തടഞ്ഞു ജബ്ബു  മൂക്കും കുത്തി  മണ്ണില്‍ പതിച്ചു,  കിടന്ന കിടപ്പില്‍ അവരെ നോക്കി ജബ്ബാര്‍ പറഞ്ഞു 'പള്ളീക്ക് കെട്ടി പൊതിഞ്ഞു കൊണ്ടോവുമ്പോ ആറു കാലില്‍ ഒരു കാലു ഞാനും പിടിക്കേണ്ടി വരും'
ഇത് കേട്ടതും അപ്പുറത്ത് ചായ വലിച്ചു കുടിച്ചിരുന്ന രാഘവേട്ടന്‍ പൊട്ടിചിരിച്ചു,   കുടിച്ച ചായ കിര്‍ലോസ്കര്‍ പമ്പില്‍ നിന്നും വെള്ളം ചീറ്റുന്ന  പോലെ പുറത്തേക്ക് തുപ്പി ചായപീടിക എരപ്പാക്കി.

വീണോത് നിന്നും  എണീറ്റ്‌ ജബ്ബാര്‍ രജിസ്ട്രേഷനു കൊണ്ട് പോയ വാഹനം
R T O പരിശോധിക്കുന്ന പോലെ  മേല് മുയ്മനും  ഒന്ന് ചെക്ക്‌ ചെയ്തു,
മണ്ണൊക്കെ തട്ടി കളഞ്ഞു ജബ്ബു വീണ്ടും ലക്ഷ്യത്തിലേക്ക് കുതിച്ചോടി.

ഓട്ടം അങ്ങാടിയില്‍ നിന്നും പഞ്ചായത്ത്‌ റോഡിലേക്ക് കടന്നതും അവിടെ കളിച്ചു കൊണ്ടിരുന്ന കുട്ടികളില്‍ തല തെറിച്ച ഒന്ന് മറ്റുള്ളവരോട് ഉറക്കനെ വിളിച്ചു പറഞ്ഞു 'ദേടാ ഉസൈന്‍ ബോള്‍ട്ട് 200 മീറ്റര്‍ മത്സരിക്കുന്നു'.

ശരം വിട്ട പോണ പോക്കില്‍ ജബ്ബാര്‍ അവരോടും പറഞ്ഞു ' നിങ്ങളെ നട്ട് ബോള്‍ട്ട്  ഊരി അതിനു പകരം കൊള്ളി കഷ്ണം  എന്നെ കൊണ്ട് വെപ്പിക്കണ്ട'.
ചെക്കന്മാര്‍ ജബ്ബാറിന്‍റെ നേരെ മീശ മാധവനില്‍ ജഗതിക്ക് കാണിച്ച കണി ഒന്ന് കാണിച്ചു കൊടുത്തു. ഒന്നിനും സമയമില്ലാത്തതിനാല്‍ ജബ്ബാര്‍ അതൊന്നും മൈന്‍ഡ് ചെയ്യാതെ വീണ്ടും ഓടി. 

തന്‍റെ കണ്ണുകളെ ഒന്ന് സൂം ചെയ്തു പഞ്ചായത്ത്‌ ഹൈവെയില്‍ നിന്നും വീട്ടിലേക്കുള്ള ഷോര്‍ട്ട്കട്ടായ അലവിയുടെ തെങ്ങിന്‍ തോപ്പിലേക്ക് കാലെടുത്തു വെക്കാന്‍ ഒരുങ്ങിയപ്പോള്‍ മൂന്നു പച്ചപ്പുകള്‍ അങ്ങ് ദൂരെ സ്കൂള്‍ വിട്ടു തെങ്ങിന്‍തോപ്പില്‍ കെട്ടിയ പോത്തുകളോട് സുഖ വിവരം അന്വേഷിച്ചു  വരുന്നത് കണ്ടു.
ട്രാഫിക് എസ് ഐയെ കണ്ട  ഓട്ടോകാരനെ പോലെ തന്‍റെ  മടക്കി കുത്തിയ തുണി ഒന്നു താഴേക്കിട്ടു ഓട്ടത്തിന്‍റെ സ്പീഡ് 120 ല്‍ നിന്നും 75 ലേക്ക് മാറ്റി. 
ജബ്ബൂന്‍റെ  വരവില്‍ പന്തികേട്‌ തോന്നിയ പച്ചപ്പുകളിലൊന്ന് മറ്റുള്ളവരോട് മാമാന്‍റെ ചുണ്ടില്‍ നിന്നും മെല്ലെ വന്ന ദിക്ര്‍ കേള്‍ക്കും പോലെ പറഞ്ഞു 'വേണങ്കി മാറി നിന്നാളടീ,  അല്ലേല്‍ പ്ലാവ്മ്മന്നു വീണ ചക്കയില്‍ നിന്നും തെറിച്ച ചക്കകുരു പോലെയാകും നമ്മള്‍'  ഇത് ജബ്ബാര്‍ കേട്ടോ ഇല്ലയോ എന്ന് അറിയില്ല, സോണിയ ഗാന്ധി പറഞ്ഞതിന് മിണ്ടാതിരിക്കുന്ന മന്‍മോഹന്‍ സിംഗിനെ പോലെ ആ ഭാഗം മൈന്‍ഡ്  ചെയ്യാതെ അവന്‍ അവരെയും പിന്നിലാക്കി ഓടി,  തൊടിയില്‍ കെട്ടിയ പോത്തിനോട് ഒരു എട്ടേ പത്തു ചിരി പാസാക്കി പച്ചപ്പിനെ കണ്ടത്തില്‍ മറന്ന തന്‍റെ  ലക്ഷ്യത്തെ വീണ്ടും ഓര്‍ത്തു 'ന്‍റെ  അള്ളോ'  എന്നും പറഞ്ഞു  ഓട്ടം ടോപ്‌ ഗിയറിലേക്ക് മാറ്റി.

തൊടിയുടെ മതില്‍കെട്ടുകള്‍ക്കപ്പുറത്തെക്ക് ജബ്ബാറിന്‍റെ  ശരീരം മറയുന്നതും നോക്കി പച്ചപ്പുകള്‍ പന്തം കണ്ട പെരുച്ചായിയെ പോലെ അന്തം വിട്ടു നിന്നു.

ജബ്ബാര്‍ ഓടുകയാണ്. പച്ചപ്പുകള്‍ നോക്കി നില്‍ക്കുകയാണ്, അതിങ്ങനെ മാറി മാറി കാണിക്കണം.

വീടിനു മുറ്റത്തേക്ക്കടന്നതും 'മാറിക്കാളിം ഉമ്മാ'എന്നും ഓളിയിട്ടു വരുന്ന ജബ്ബാറിനെ കണ്ടതും മുറ്റം അടിച്ചു വാരി കൊണ്ടിരുന്ന ഉമ്മ ചൂലും ഇട്ടു കോലായില്‍ പത്രോം വായിച്ചിരിക്കുന്ന ഉപ്പാന്‍റെ അടുത്തേക്ക് ഓടി.
'നോക്കിന്നു,  ചെക്കന് എന്തോ പറ്റീട്ടുണ്ട്, ഓന്‍റെ വരവ് കണ്ടാ, കടന്നല് കുത്ത്യ മാതിരി' 
ഉപ്പ പത്രം മാറ്റി തല ഉയര്‍ത്തി നോക്കി, 'സര്യാണല്ലോ, ചെക്കന്‍ ബരവ് പന്തിയല്ലല്ലോ'.

ജബ്ബാര്‍ കോലായിലേക്ക്  കയറിയതും വീട്ടിനു ഉള്ളിലേക്ക് ഉറക്കെ വിളിച്ചു പറഞ്ഞു 'ഡീ ആയിസൂ, ഒരു ബക്കറ്റ് വെള്ളം കക്കൂസ്ക്ക് കൊണ്ടോരെ'. പിന്നെ ഒരു നിമിഷം വൈകിക്കാതെ  ജബ്ബാര്‍ കക്കൂസും ലക്ഷ്യമാക്കി പാഞ്ഞു.

2 comments:

  1. Replies
    1. സര്യാണ്.. ഓട്യേത് നന്നായി ഇല്ലെങ്കില്‍ കാണായിരുന്നു .. :p :p

      Delete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...