Saturday, November 3, 2012

10:59 PM

ഫെയ്‌സ്ബുക്കിലെ ചില അക്കൗണ്ടുകളില്‍ പാസ്‌വേഡില്ലാതെ കയറാമെന്ന റിപ്പോര്‍ട്ട് ഉപയോക്താക്കളില്‍ ആശങ്ക സൃഷ്ടിക്കുന്നതിനിടെ, പിഴവ് പരിഹരിക്കാന്‍ ഫെയ്‌സ്ബുക്ക് തിടുക്കത്തില്‍ നടപടി തുടങ്ങി.

ഓണ്‍ലൈന്‍ സുരക്ഷയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന 'ഹാക്കര്‍ ന്യൂസ്' (Hacker News) വെബ്‌സൈറ്റാണ് ഫെയ്‌സ്ബുക്കിലെ പിഴവ് പുറത്തുകൊണ്ടുവന്നത്.

വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച ഒരു സന്ദേശത്തിലെ സെര്‍ച്ച് സ്ട്രിങ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ 13.2 ലക്ഷം ഫെയ്‌സ്ബുക്ക് ലിങ്കുകളുടെ പട്ടിക ലഭിക്കും. അതില്‍ ചില ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ നേരിട്ട് ആ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലേക്ക് പ്രവേശിക്കാം.


സ്റ്റാറ്റസ് അപ്‌ഡേറ്റുകളും നോട്ടിഫിക്കേഷനുകളും സംബന്ധിച്ച് ഫെയ്‌സ്ബുക്ക് യൂസര്‍മാര്‍ക്ക് ഈമെയില്‍ അലര്‍ട്ടുകള്‍ ലഭിക്കാറുണ്ട്. അതില്‍ ക്ലിക്ക് ചെയ്ത് സ്വന്തം ഫെയ്‌സ്ബുക്ക് അക്കൗണ്ടിലേക്ക് പെട്ടന്ന് പ്രവേശിക്കാന്‍ യൂസറെ സഹായിക്കുന്ന സംവിധാനത്തിലെ പിഴവാണ് പുതിയ പ്രശ്‌നത്തിന് കാരണം.

അത്തരം അലര്‍ട്ടുകള്‍ യൂസറുടെ ഈമെയിലിലേക്ക് മാത്രമേ അയയ്ക്കാറുള്ളൂവെന്നും, ഒറ്റ തവണയേ അത് ക്ലിക്ക് ചെയ്യാന്‍ കഴിയൂ എന്നും ഫെയ്‌സ്ബുക്ക് സുരക്ഷാ എന്‍ജിനിയര്‍ മാറ്റ് ജോണ്‍സ് ഹാക്കര്‍ ന്യൂസിനോട് പറഞ്ഞു.

മാത്രമല്ല, ഹാക്കര്‍ ന്യൂസ് പുറത്തുവിട്ട ലക്ഷക്കണക്കിന് ലിങ്കുകളില്‍ ഭൂരിപക്ഷവും കാലഹരണപ്പെട്ടതാണെന്നും ജോണ്‍സ് അറിയിച്ചു. ഏതായാലും ചില ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ കയറാം എന്നതിനാല്‍, ആ ഫീച്ചര്‍ ഫെയ്‌സ്ബുക്ക് പ്രവര്‍ത്തനരഹിതമാക്കിയതായി അദ്ദേഹം പറഞ്ഞു.

പാസ്‌വേഡ് ഇല്ലാതെ കടന്നുകയറാം എന്ന് കണ്ട അക്കൗണ്ടുകളില്‍ പലതും റഷ്യയിലോ ചൈനയിലോ നിന്നുള്ളതാണെന്ന് ജോണ്‍സ് അറിയിച്ചു.

ആളുകള്‍ക്ക് എളുപ്പത്തില്‍ തങ്ങളുടെ അക്കൗണ്ടുകള്‍ ഉപയോഗിക്കാനായി സ്വകാര്യ ഈമെയിലിലേക്ക് മാത്രമേ ലിങ്കുകള്‍ അയയ്ക്കാറുള്ളൂ എന്നും, ഫെയ്‌സ്ബുക്ക് അവ ഒരിക്കലും പരസ്യപ്പെടുത്തുകയോ സെര്‍ച്ചബിളാക്കുകയോ ചെയ്യാറില്ലെന്നും, ഫെയ്‌സ്ബുക്ക് ഔദ്യോഗിക പ്രസ്താവനയില്‍ വിശദീകരിച്ചു

0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...