Saturday, December 22, 2012

12:50 AM



അഭ്യൂഹങ്ങള്‍ക്കും ദുരൂഹതകള്‍ക്കും വിരാമമായി, സസ്‌പെന്‍സ് പൊളിച്ചടുക്കിക്കൊണ്ട് ഗൂഗിളിന്റെ ഏറ്റവും പുതിയ വിസ്മയം ഗൂഗിള്‍ ഡ്രൈവ് ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇതേ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഗൂഗിള്‍ ബ്ലോഗിലൂടെ നടത്തിക്കഴിഞ്ഞിരിക്കുകയാണ്. സാങ്കേതിക ലോകത്ത് ഒരു പുത്തന്‍ വിപ്ലവത്തിന് ശിലപാകുകയാണ് ‘ഗൂഗിള്‍ ഡ്രൈവ്’.

എന്താണ് ‘ഗൂഗിള്‍ ഡ്രൈവ്”?
പേര് കേട്ട് തെറ്റിദ്ധരിക്കേണ്ട, ഡ്രൈവിങ്ങുമായോ, വാഹനങ്ങളുമായോ ഇതിനു യാതൊരു ബന്ധവുമില്ല. വിശാലമായ ഓണ്‍ലൈന്‍ സ്‌റ്റോറേജ് സംവിധാനമാണ് ‘ഗൂഗിള്‍ ഡ്രൈവ്. നമ്മുടെ കംപ്യൂട്ടറുകളുടെ ഹാര്‍ഡ് ഡിസ്‌കില്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നത് പോലെ ഒരു വിര്‍ച്വല്‍ ഡ്രൈവ് നമ്മുക്കിതിലൂടെ ഗൂഗിള്‍ നല്‍കുകയാണ്. ചിത്രങ്ങള്‍, ഡോക്യുമെന്റുകള്‍, വീഡിയോകള്‍ അങ്ങനെ എന്തും ഗൂഗിള്‍ ഡ്രൈവില്‍ നമ്മുക്ക് സൂക്ഷിക്കാനാവും. ഹാര്‍ഡ് ഡിസ്‌കിന് സമാനമായ പ്രവര്‍ത്തനങ്ങളാണ് ഈ വിര്‍ച്വല്‍ ഡ്രൈവ് കാഴ്ച വെക്കുക. ഇത്തരം ഓണ്‍ലൈന്‍ സ്‌റ്റോറേജ് സംവിധാനങ്ങള്‍ ‘ക്ലൌഡ് സ്‌റ്റോറേജ് ‘ എന്നാണു അറിയപ്പെടുന്നത്. ഗൂഗിള്‍ അക്കൗണ്ട് ഉടമകള്‍ക്ക് വിവിധ ഫയലുകള്‍ അപ്‌ലോഡ് ചെയ്ത് സൂക്ഷിച്ചുവെക്കാനുള്ള സേവനമാണിത്. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് പിന്തുണയുള്ള ഏത് ഉപകരണങ്ങളിലൂടെയും ഗൂഗിള്‍ ഡ്രൈവ് ആക്‌സസ് ചെയ്യാനാകും.








എന്താണ് ‘ക്ലൌഡ് സ്‌റ്റോറേജ്’?
കംപ്യൂട്ടറുകളുടെ ഹാര്‍ഡ് ഡിസ്‌കിലെ വ്യത്യസ്ത ഡ്രൈവുകള്‍ പോലെ തന്നെ ഇന്റര്‍നെറ്റില്‍ വിവിധ ഹോസ്റ്റിംഗ് കമ്പനികള്‍ നല്‍കുന്ന വിര്‍ച്വല്‍ സ്‌റ്റോറേജ് സ്‌പേസ് ആണ് ക്ലൌഡ് സ്‌റ്റോറേജ് എന്നറിയപ്പെടുന്നത്. സാധാരണയായി ഉപഭോക്താക്കള്‍ പണം നല്‍കി അവരവര്‍ക്ക് ആവശ്യമായ സ്‌പെയ്‌സ് വാങ്ങുകയോ, വാടകയ്ക്ക് എടുക്കുകയോ ആണ് ചെയ്യുന്നത്.സൗജന്യമായി സ്‌പെയ്‌സ് നല്‍കുന്ന കമ്പനികളുമുണ്ട്.

ഗൂഗിള്‍ ഡ്രൈവ് എങ്ങനെ വേറിട്ട് നില്‍ക്കുന്നു?


ഹാര്‍ഡ് ഡിസ്‌കില്‍ വിവരങ്ങള്‍ സൂക്ഷിക്കുമ്പോള്‍, അവ കൈമാറ്റം ചെയ്യാന്‍ പ്രയാസമാണ്. പക്ഷെ ഗൂഗിള്‍ ഡ്രൈവ് പോലെയുള്ള ക്ലൌഡ് സ്‌റ്റോറേജ് സംവിധാനങ്ങളില്‍ നമ്മുടെ ഫയലുകള്‍ സൂക്ഷിക്കുമ്പോള്‍ ലോകത്തെവിടെയും നമ്മുക്കത് ആക്‌സസ് ചെയ്യാന്‍ കഴിയും. ഹാര്‍ഡ് ഡിസ്‌ക് സ്‌പെയ്‌സ് പോരായെന്നു പരാതിപ്പെടുന്നവര്‍ക്ക് ഒരു പരിഹാരമാര്‍ഗം കൂടിയാണ് ഗൂഗിള്‍ ഡ്രൈവ്. മറ്റ് ക്ലൌഡ് സ്‌റ്റോറേജുകളില്‍ നിന്നും വ്യത്യസ്തമായി അപ്പ്‌ലോഡ് ചെയ്യുന്ന ഫയലുകള്‍ നമ്മുടെ സുഹൃത്തുക്കളുമായി പങ്കുവെക്കാനും, അവര്‍ക്കതില്‍ മാറ്റങ്ങള്‍ വരുത്തുവാനും, അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാനും കഴിയും. ചിത്രങ്ങള്‍, സ്‌പ്രെഡ് ഷീറ്റുകള്‍, പവര്‍പോയിന്റ് പ്രേസേന്റെഷനുകള്‍, പി ഡി എഫ് ഫയലുകള്‍ എന്നിവയും സൂക്ഷിക്കാം, ഗൂഗിളിന്റെ വിശ്വാസ്യത കൂടി ചേരുമ്പോള്‍ ഗൂഗിള്‍ ഡ്രൈവ് വന്‍ വിജയമാകുമെന്നാണ് അനുമാനം.



സുഹൃത്തുകളെ ഇതില്‍ ഉള്‍പ്പെടുത്താം എന്നുള്ളത്‌കൊണ്ടു തമ്മില്‍കാണാതെ, വിദൂരത്തിലിരുന്നുകൊണ്ടു ജോയിന്റ് റിസേര്‍ച് പ്രോജെക്ടുകളും മറ്റും ഒരേ റൂമിലിരുന്ന ചെയ്യുന്ന പ്രതീതിയോടെ പൂര്‍ത്തിയാക്കാന്‍ കഴിയും.ഓഫീസിലോ, വീട്ടിലോ, കഫേയില്‍ നിന്നോ അനായാസം ഫയലുകള്‍ നമ്മുടെ GDrive ലേക്ക് അപ്പ് ലോഡ് ചെയ്യാം, ഒരു Extrenalഡ്രൈവിന്‍റെ പ്രയോജനമാണ് ഇതിലൂടെ ലഭിക്കുന്നത്. പലയിടങ്ങളിലും USB വഴി ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അനുമതി ഇല്ലാത്തതുകൊണ്ട് ഗൂഗിള്‍ ഡ്രൈവ് വലിയ ഒരു ആശ്വാസമായിരിക്കും. ഗൂഗിള്‍ ഡ്രൈവ് ഉപയോഗിക്കുവാന്‍ വേണ്ടി നമ്മുടെ കമ്പ്യൂട്ടറിലും,ആന്‍ഡ്രോയ്ഡ് ഫോണുകളിലും, ടാബ് ലെറ്റുകളിലും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്ന ആപ്പ്‌ളിക്കേഷനും ഗൂഗിള്‍ അവതരിപ്പിച്ചു കഴിഞ്ഞു. ഐഫോണ്‍ ഒഎസിന് വേണ്ടി പ്രത്യേക ആപ്പ്‌ളിക്കേഷന്‍ ഉടന്‍ തന്നെ പുറത്തിറക്കും. വലുപ്പം കൂടിയ ഫയലുകള്‍ മെയില്‍ വഴി അയക്കാനുള്ള ബുദ്ധിമുട്ടും ഇതോടെ മാറുമെന്നാണ് കരുതപ്പെടുന്നത്. ഗൂഗിള്‍ അക്കൗണ്ട് ഉള്ള എല്ലാവര്‍ക്കും അഞ്ച് ജി ബി സ്‌പെയ്‌സ് സൗജന്യമായി ലഭിക്കും. കൂടുതല്‍ മെമ്മറി ആവശ്യമുള്ളവര്‍ക്ക് നിശ്ചിത തുക മാസമാടച്ചാല്‍ 25 ജി ബി വരെ അപ് ഗ്രേഡ് ചെയ്യാന്‍ കഴിയും. (25GB for $2.49/month, 100GB for $4.99/month , 1TB for $49.99/month)


ഗൂഗിള്‍ ഡ്രൈവിന്റെ മാത്രം പ്രത്യേകതകള്‍?
ഡ്രോപ്പ് ബോക്‌സ്, ബോക്‌സ്, മൈക്രോസോഫ്ട് സ്കൈഡ്രൈവ് തുടങ്ങിയ വന്‍കിട ക്ലൌഡ് സ്‌റ്റോറെജ് സംവിധാനങ്ങളോടാണ് ഗൂഗിള്‍ ഡ്രൈവ് മത്സരിക്കാന്‍ പോകുന്നത്. ഈ രംഗത്ത് ശോഭിക്കണമെങ്കില്‍ വ്യത്യസ്തതകള്‍ കൊണ്ടു വന്നേ തീരു എന്ന് ഗൂഗിളിനു വ്യക്തമായി അറിയാം. അതിനാല്‍ മറ്റൊരു കമ്പനിയും നല്‍കാത്ത ഒപ്റ്റിക്കല്‍ ക്യാരക്ടര്‍ റെക്ഗ്‌നിഷന്‍ (OCR) സിസ്റ്റം, വിഷ്വല്‍ സേര്‍ച്ച് എഞ്ചിന്‍ സൗകര്യം നല്‍കുന്ന ഗൂഗിള്‍ ഗോഗിള്‍സ് (Google Goggles) എന്നീ സൗകര്യങ്ങള്‍ ഗൂഗിള്‍ ഡ്രൈവ് വാഗ്ദാനം ചെയ്യുന്നു, ഒപ്പം കീ വേഡുകള്‍ ഉപയോഗിച്ച് സൂക്ഷ്മമായ രീതിയില്‍ സേര്‍ച്ച് ചെയ്ത് ഫയലുകള്‍ തെരയാനും സാധിക്കും. ഗൂഗിള്‍ പ്ലസിലേക്കും, ഇ മെയില്‍ അറ്റാച് മെന്റിലേക്കും ഡ്രൈവിലെ ഫയലുകള്‍ എളുപ്പത്തില്‍ ചേര്‍ക്കുവാന്‍ കഴിയും. കാലക്രമേണ ഫാക്‌സ് അയക്കാനും, വീഡിയോകള്‍ എഡിറ്റ് ചെയ്യാനും, വെബ് സൈറ്റ് മോക്ക്അപ്പുകള്‍ നിര്‍മ്മിക്കാനുമുള്ള സംവിധാനം ഗൂഗിള്‍ ഡ്രൈവിലേക്ക് കൊണ്ടുവരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഗൂഗിള്‍ ഡ്രൈവില്‍ ചേര്‍ത്തിരിക്കുന്ന രണ്ടു വ്യത്യസ്തമായ സംവിധാനങ്ങളെ ഇവിടെ പരിചയപ്പെടുത്തുകയാണ്.

ഒപ്റ്റിക്കല്‍ ക്യാരക്ടര്‍ റെക്ഗ്‌നിഷന്‍ (OCR)


സ്‌കാന്‍ ചെയ്ത പേപ്പറിലെ ടെക്സ്റ്റ് തിരിച്ചറിയാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണിത്. ഉദാഹരണത്തിന് ഒരു പത്രം സ്‌കാന്‍ ചെയ്ത ശേഷം ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇമേജ് ഫോര്‍മാറ്റിലുള്ള പത്രത്തില്‍ നിന്നും ടെക്സ്റ്റ് വേര്‍തിരിച്ചു എടുക്കാന്‍ കഴിയും. പരമ്പരാഗത രീതിയനുസരിച്ച് പത്രം നോക്കി ആദ്യം മുതല്‍ ടൈപ്പ് ചെയ്യുകെ രക്ഷ ഉണ്ടായിരുന്നുള്ളൂ.

ഗൂഗിള്‍ ഗോഗിള്‍സ് (Google Goggles)
ഗൂഗിളിന്റെ ഏറ്റവും പുതിയ വിഷ്വല്‍ സേര്‍ച്ച് എന്ജിനാണ് ഗൂഗിള്‍ ഗോഗിള്‍സ്. ടെക്സ്റ്റിനു പകരം പടം ഉപയോഗിച്ച് ഇന്‍റര്‍നെറ്റില്‍ അതിനെ കുറിച്ച് സേര്‍ച്ച് ചെയ്യാന്‍ സഹായിക്കുന്ന അതിനൂതനമായ സംവിധാനമാണിത്. ഈ സാങ്കേതിക വിദ്യ രൂപപ്പെടുത്തിയ പ്ലിങ്ക് എന്ന ചെറുകിട കമ്പനി ഏറ്റെടുത്ത ശേഷമാണ് ഗൂഗിള്‍ ഇത്തരമൊരു സംവിധാനം ഉപഭോക്താക്കള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നത്. സ്മാര്‍ട്ട് ഫോണുകളില്‍ ആര്‍ട്ട് വര്‍ക്കുകള്‍, ലോഗോ, സ്ഥലങ്ങള്‍ എന്നിവയുടെയൊക്കെ ചിത്രങ്ങള്‍ ഈ സംവിധാനം ഉപയോഗിച്ച് എടുത്താല്‍, അവ അവലോകനം ചെയ്ത ശേഷം അവയെ കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാക്കും. ഉദാഹരണത്തിന് നമ്മുക്കറിയാത്ത ഒരു ഭാഷയില്‍ ഒരു സൈന്‍ ബോര്‍ഡ് കണ്ടാല്‍, ഒരു ഫോടോ എടുക്കേണ്ട താമസമേയുള്ളൂ, അതിനെ നമ്മുടെ സ്വന്തം ഭാഷയിലേക്ക് തര്‍ജിമ ചെയ്ത് തരും.




ഗൂഗിള്‍ ഡ്രൈവ് ഒരു തുടക്കമാണെന്നും, വിസ്മയങ്ങള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂ എന്ന വാചകത്തോടെയാണ് ഗൂഗിള്‍ന്റെ ഔദ്യോഗിക പ്രഖ്യാപനം അവസാനിക്കുന്നത്.നമ്മുക്കും കാത്തിരിക്കാം ഗൂഗിളിന്റെ അടുത്ത മാജിക്കിനായി….

കടപ്പാട് : ഭൂലോകം http://boolokam.com/archives/43897#ixzz2FlhkEC9F

0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...